വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു
text_fieldsചെറുതുരുത്തി: വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു. ചുങ്കം ബൈബിൾ കോമ്പൗണ്ടിൽ ഉദയം കണ്ടത്തിൽ അഡ്വ. സുമോദിന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ച മോഷണം നടന്നത്. വീട് കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ മുറിയിൽ ഉറങ്ങിക്കിടന്ന സുമോദിന്റെ ഭാര്യ കലാവതിയുടെ സ്വർണമാല പൊട്ടിച്ചു.
വീട്ടിലെ മൂന്ന് മുറികളിലേയും അലമാരകൾ കുത്തിത്തുറന്നിട്ടുണ്ട്. സുമോദിന്റെ മാതാവ് കല്യാണികുട്ടിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെ ഇവർ ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു. രണ്ട് മോഷ്ടാക്കൾ ഉണ്ടെന്ന് വീട്ടുകാർ പറഞ്ഞു. മോഷ്ടാവിനെ കണ്ട് ഭയന്ന കലാവതി അബോധാവസ്ഥയിലായി.
സുമോദ് ഡൽഹിയിലായിരുന്നു. സമാനരീതിയിൽ പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം രവീന്ദ്രന്റെ വീടിന്റെ പിൻഭാഗം കുത്തിത്തുടർന്ന് ഉള്ളിൽ കടന്നെങ്കിലും വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

