പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽനിന്ന് വലിച്ചിഴച്ച് തെരുവ്നായ്
text_fieldsrepresentative image
ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. വീട്ടിൽ കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ദേശമംഗലം കറ്റുവട്ടൂരിൽ താമസിക്കുന്ന തിയ്യാട്ടിൽ വീട്ടിൽ ത്വാഹിറിന്റെ ഒന്നര വയസ്സുള്ള മകൾ ഫാത്തിമ സിത്താരയെ തെരുവ് നായ് വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ വലിച്ചിഴച്ച് കൊണ്ടുപോയി. കരച്ചിൽ കേട്ട് വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കുട്ടിയെ നായ് ഉപേക്ഷിച്ച് പോയി.
തുടർന്ന് സമീപത്തെ എരാത്ത വളപ്പിൽ മുസ്തഫയുടെ വീട്ടിലെത്തി. വീടിന്റെ ഉമ്മറത്തുനിന്ന് മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ മുഖത്തും കൈയിലും കടിച്ചു. വീട്ടുകാർ ബഹളം വെച്ചതോടെ നായ് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ രണ്ട് കുട്ടികളെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ പള്ളംകൊറ്റമ്പത്തൂരിൽ രണ്ടുപേരെയും വളർത്ത് മൃഗങ്ങളെയും മേയ് 30ന് മൂന്ന് പേരെയും തെരുവ് നായ് കടിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടികളും കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

