റാഗിങ്; പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം
text_fieldsകഴുത്തിന് പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർഥി
ചെറുതുരുത്തി: ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥികൾ ചേർന്ന് പത്താം ക്ലാസിൽ പഠിക്കുന്ന വരവൂർ സ്വദേശിയായ വിദ്യാർഥിയെയും കൂട്ടുകാരനെയും റാഗ് ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി പരാതി. കഴുത്തിന് പിൻഭാഗത്ത് സാരമായി പരിക്കേറ്റ വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പ്ലസ് വൺ വിദ്യാർഥികൾ ചേർന്ന് മർദിക്കുകയും കഴുത്തിനു പിൻഭാഗത്തെ എല്ലിന് സാരമായി പരിക്കേൽക്കുകയുമായിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടി എടുത്തില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ചെറുതുരുത്തി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിദ്യാർഥികളോട് ടി.സി വാങ്ങി വേറെ സ്കൂളിൽ പോകാൻ സ്കൂൾ അധികൃതർ പറഞ്ഞതായി രക്ഷിതാക്കൾ പറയുന്നു. എന്നാൽ, വിദ്യാർഥികളെ സ്കൂളിൽനിന്നും പുറത്താക്കിയിട്ടില്ലെന്ന് പ്രധാനാധ്യാപിക ആൻസി മാത്യു പറഞ്ഞു.

