ക്ഷേത്രം നിർമിക്കാൻ രണ്ട് സെന്റ് സ്ഥലം സൗജന്യമായി നൽകി പി.എം. അസീസ്
text_fieldsപി.എം. അസീസ്
ചെറുതുരുത്തി: ക്ഷേത്രം നിർമിക്കാൻ രണ്ട് സെന്റ് സ്ഥലം സൗജന്യമായി നൽകി പണി പൂർത്തീകരിച്ച് ഞായറാഴ്ച ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിൽ ഏറെ സന്തോഷിക്കുകയാണ് പി.എം. അസീസ്. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം ഉന്നത്തൂർ മഹാവിഷ്ണു ദുർഗാദേവി ക്ഷേത്രത്തിനാണ് ഇദ്ദേഹം സ്ഥലം നൽകിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പൊളിഞ്ഞ് പൂജയോ മറ്റു കാര്യങ്ങളോ ഇല്ലാതെ കിടക്കുകയായിരുന്നു.
നാല് വർഷം മുമ്പാണ് പുനരുദ്ധാരണം ആരംഭിച്ചത്. സ്ഥലക്കുറവ് പ്രശ്നമായിരുന്നതിനാൽ സമീപത്ത് ചേർന്ന് കിടക്കുന്ന കിള്ളിമംഗലം പടിഞ്ഞാറൻ കുന്നത്ത് പരേതനായ മുഹമ്മദിന്റെ മക്കളായ പി.എം. അസീസ്, റഷീദ്, മുസ്തഫ, ഖാലിദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് രണ്ട് സെന്റ് സ്ഥലം വാങ്ങാനാണ് അസീസിനെ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ സമീപിച്ചത്. അസീസിന്റെ സഹോദരങ്ങൾ എല്ലാവരും നിലവിൽ ഗൾഫിലാണ്.
ഞായറാഴ്ച തുറന്നുകൊടുക്കുന്ന പൈങ്കുളം ഉന്നത്തൂർ മഹാവിഷ്ണു ദുർഗാദേവി ക്ഷേത്രം
ക്ഷേത്ര കമ്മിറ്റി വിഷയം അവതരിപ്പിച്ചതോടെ സ്ഥലം ക്ഷേത്രത്തിന് സൗജന്യമായി നൽകാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. നിർമാണത്തിന് സംഭാവനയും നൽകി. ജനുവരി 15 മുതൽ 26 വരെയാണ് പ്രതിഷ്ഠാദിന മഹോത്സവം. ചടങ്ങിൽ അസീസിനെ ക്ഷേത്രഭാരവാഹികൾ ആദരിക്കും. മതസൗഹാർദം നിലനിൽക്കണമെന്നാണ് തന്റെയും കുടുംബത്തിന്റെയും ആഗ്രഹമെന്ന് അസീസ് പറഞ്ഞു.
അസീസിനോടും കുടുംബത്തിനോടും ക്ഷേത്ര പരിപാലന കമ്മിറ്റിക്ക് എന്നും കടപ്പാടുണ്ടാകുമെന്ന് വൈസ് ചെയർമാൻ കെ.പി. രാമചന്ദ്രൻ കുന്നത്ത്, പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് രാമൻകുട്ടി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

