ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പള്ളത്ത് താമസിക്കുന്ന ചുട്ടപറമ്പിൽ വീട്ടിൽ സുഹൈലിെൻറ ജപ്തിഭീഷണി നേരിടുന്ന വീടിെൻറ കുടിശ്ശിക തീർക്കാനുള്ള പൈസ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകി. ഷൊർണൂർ റോട്ടറി ക്ലബ് അംഗങ്ങളായ ഗീത എബ്രഹാം, സന്ധ്യ മണ്ണത്ത് എബ്രഹാം, കോൺഗ്രസ് നേതാവ് പി.ഐ. ഷാനവാസ് എന്നിവർ സുഫൈലിെൻറ വീട്ടിലെത്തി പണം നൽകി.
ജന്മനാ കാഴ്ചശക്തിയില്ലാത്ത കുടുംബത്തിലെ അംഗമായ സുഫൈൽ ലോക് ഡൗൺ കാലഘട്ടത്തിലാണ്, ജനസമ്പർക്ക പരിപാടിക്കിടയിൽ കണ്ട പരിചയത്തിൽ ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിക്കുന്നത്. അടുത്ത ദിവസംതന്നെ ആഹാരസാധനങ്ങളും വസ്ത്രങ്ങളും കുറച്ച് പണവുമായി കോൺഗ്രസ് നേതാവ് പി.ഐ. ഷാനവാസിെൻറ നേതൃത്വത്തിലുള്ള പ്രവർത്തകർ എത്തിയിരിന്നു.
നാല് ലക്ഷം രൂപ കുടിശ്ശികയിലേക്കാണ് ഇപ്പോൾ ഒരു ലക്ഷം രൂപ നൽകുന്നത് എന്ന് ഫോൺ വിളിച്ച് സുഫൈലിനോട് ഉമ്മൻ ചാണ്ടി പറഞ്ഞു. ബാക്കിവരുന്ന മൂന്ന് ലക്ഷം രൂപ കൂടി ലഭിച്ചാൽ മാത്രമേ ജപ്തിഭീഷണിയിൽനിന്ന് സുഫൈലിനെയും കുടുംബത്തെയും പൂർണമായും ഒഴിവാക്കാൻ കഴിയൂ എന്ന് ദേശമംഗലം സർവിസ് സഹകരണ ബാങ്കിെൻറ അധികാരികളും അറിയിച്ചിട്ടുണ്ട്.