പള്ളം കൊറ്റമ്പത്തൂർ കോളനിയിലെയും പരിസരങ്ങളിലെയും കുട്ടികൾ പരിധിക്ക് പുറത്ത്
text_fieldsപള്ളം കൊറ്റമ്പത്തൂർ കോളനിയിലെ കുട്ടികൾ പഠനത്തിൽ
ചെറുതുരുത്തി: മൊബൈൽ നെറ്റ്വർക്ക് അവതാളത്തിലായതോടെ പഠനം വഴിമുട്ടി വിദ്യാർഥികൾ. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂർ കോളനിയിലെയും പരിസരങ്ങളിലെയും കുട്ടികളാണ് പഠനം പരിധിക്ക് പുറത്തായി കഴിയുന്നത്. ഈ പ്രദേശങ്ങളിൽ മൊബൈൽ നെറ്റ്വർക്ക് കുറവായതു കാരണം കുട്ടികൾക്ക് വേണ്ടവിധം ഓൺലൈൻ പഠനം നടത്താൻ കഴിയുന്നില്ല.
ജി.എൽ.പി.എസ് പള്ളം, ജി.വി.എച്ച്.എസ് ദേശമംഗലം, പുതുശ്ശേരി, പള്ളിക്കൽ സ്കൂളുകളിലായി അമ്പതോളം കുട്ടികൾ ഈ പ്രദേശത്തുനിന്ന് പഠിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ കോളനിയിലെ കുട്ടികളാണ്. ചാനലുകളിൽ ക്ലാസുകൾ കാണുന്നുണ്ടെങ്കിലും തുടർപ്രവർത്തനങ്ങൾ മൊബൈലിലൂടെയാണ് അധ്യാപകർ അയച്ചു കൊടുക്കുന്നത്.
വർക്ക് ഷീറ്റുകളും മറ്റും നെറ്റ്വർക്ക് കുറവായതു കാരണം ഡൗൺലോഡ് ചെയ്യാനോ ഗൂഗ്ൾ മീറ്റ് പോലുള്ള ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന് പള്ളം സ്കൂളിലെ കുട്ടിയുടെ രക്ഷിതാവും പി.ടി.എ വൈസ് പ്രസിഡൻറ് കൂടിയായ അജി പറഞ്ഞു. എത്രയുംപെട്ടെന്ന് ഈ പ്രശ്നത്തിന് അധികൃതർ പരിഹാരം കാണണമെന്നാണ് കുട്ടികളും രക്ഷിതാക്കളും പറയുന്നത്.