ഓണത്തല്ലിന് പേരുകേട്ട താഴപ്ര ചേന്നംകുന്നത്ത് മൊയ്തു ആശാൻ ഓർമയായി
text_fieldsഓണത്തിന് കുന്നംകുളത്ത് നടത്തുന്ന നാടൻ തല്ലിന്റെ അവസാന പരിശീലനം താഴപ്രയിൽ നടന്നപ്പോൾ മൊയ്തു ആശാൻ കൈകൊണ്ട് കുത്താൻ ശ്രമിക്കുമ്പോൾ അത് തടയുന്നു ആശാൻ കുഞ്ഞാലൻ (ഫയൽ ചിത്രം)
ചെറുതുരുത്തി: അന്യം നിന്ന് പോകുന്ന നാടൻ തല്ലിനെയും കളരി അഭ്യാസത്തെയും ജാതിഭേദമന്യേ യാതൊരു വേതനവും വാങ്ങിക്കാതെ നിരവധി ശിഷ്യർക്ക് പകർന്ന് നൽകിയ വ്യക്തിയും ഓണത്തല്ലിന് പേരുകേട്ടയാളുമായ താഴപ്ര ചേന്നംകുന്നത്ത് മൊയ്തു ആശാൻ ഓർമയായി. വ്യാഴാഴ്ച വൈകീട്ട് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു അന്ത്യം.
80ാം വയസ്സിലും ഈ വർഷത്തെ ഓണത്തല്ലിന് കുന്നംകുളത്ത് പോയി നാടൻ തല്ലും കളരിയും ഓണത്തല്ലിന് അഭ്യസിക്കുകയും ചായിക്കാരനായി നിൽക്കുകയും ചെയ്തു. പന്ത്രണ്ടാമത്തെ വയസ്സിൽ വെട്ടിക്കാട്ടിരി കുഞ്ഞാലൻ ആശാൻ ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്ര മൈതാനത്തിൽ വച്ച് ഓണത്തല്ലിലും കളരിയിലും അരങ്ങേറ്റം കുറിച്ചു. കൃഷിയാണ് ജീവിതമാർഗമായി കൊണ്ടുനടന്നിരുന്നത്.
വൈകുന്നേരമാണ് നാടൻ തല്ലും കളരിയഭ്യാസവും വിദ്യാർഥികളെ പഠിപ്പിക്കലും നടന്നിരുന്നത്. കുന്നംകുളത്ത് ഓണത്തല്ല് നടക്കുമ്പോൾ ഇദ്ദേഹം ഉണ്ടെന്നറിഞ്ഞാൽ ദൂരസ്ഥലത്ത് നിന്ന് അടക്കം ആളുകൾ കാണാനെത്തും.
പാവത്താനെ പോലെ ഇരിക്കുന്ന ഇദ്ദേഹം കച്ച കെട്ടി കളത്തിൽ ഇറങ്ങി പതിനാറിന്റെ ചുറുചുറുക്കടെ ഒരു കുതിരയെ പോലെ ആക്രമിക്കും. ജനങ്ങളെ വശീകരിച്ചെടുത്ത് ചിരിപ്പിക്കാനും പ്രത്യേക തന്ത്രമാണ് ഇദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് മൊയ്തുവിനെ എല്ലാവരും ഇഷ്ടപ്പെടുന്നത്.
ഇതിനോടകം നിരവധി അംഗീകാരങ്ങൾ കൃഷിയിൽ അടക്കം അദ്ദേഹത്തെ തേടിയെത്തി. എന്നിരുന്നാലും ഈ കല അന്യം നിന്ന് പോകരുതെന്ന് വിചാരിച്ച് നിരവധി തവണ അധികൃതർക്ക് നിവേദനം നൽകാനും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും നേടാതെയാണ് ഇദ്ദേഹം യാത്രയാവുന്നത്.
വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിൽ ആദ്യമായി മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ആന അടയാളത്തിൽ അദ്ദേഹം മത്സരിച്ചു. പിന്നീട് അദ്ദേഹത്തെ ഓമനപ്പേരായി ആളുകൾ വിളിക്കുന്നത് ആന മൊയ്തു എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

