ചേലക്കരയിൽ കാട്ടാനകളെ തുരത്താൻ ദൗത്യസംഘം രൂപീകരിക്കും -മന്ത്രി
text_fieldsചെറുതുരുത്തി: ചേലക്കര മണ്ഡലത്തിൽ ജനജീവിതം ദുസ്സഹമാക്കുന്ന കാട്ടാനശല്യത്തിന് പരിഹാരമായി പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ അറിയിച്ചു. പുതുക്കാട്, ചാലക്കുടി, ചേലക്കര മേഖലയിലെ കാട്ടാനശല്യം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യു.ആർ. പ്രദീപ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നാട്ടിലിറങ്ങിയ കാട്ടാനകളെ ഉൾക്കാട്ടിലേക്ക് അയക്കാനാണ് ദൗത്യസംഘം രൂപീകരിക്കുന്നത്. നേരത്തെ അതിരപ്പിള്ളിയിൽ ആനയുടെ ആക്രമണത്തിൽ മരണം സംഭവിച്ചപ്പോൾ രൂപീകരിച്ചതിന് സമാനമായ സ്പെഷൽ ഡ്രൈവ് ചേലക്കരയിലും പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. കുതിരാൻ തുരങ്കം തുറന്നതോടെ പീച്ചി വനമേഖലയിൽ നിന്ന് ചേലക്കര ഭാഗത്തേക്ക് 14 കാട്ടാനകളാണ് കൂട്ടത്തോടെ വന്നത്. ഇതിൽ രണ്ട് എണ്ണം മാത്രമാണ് തിരിച്ചുപോയത്. ബാക്കിയുള്ളവ പ്രദേശത്ത് തുടരുന്നത് കടുത്ത ഭീതി ഉണ്ടാക്കുന്നുണ്ട്. ആനകളെ തുരത്താൻ ദൗത്യസംഘം രൂപീകരിക്കുന്നതിന് വനംവകുപ്പിലെ ജീവനക്കാരുടെ അപര്യാപ്തത വെല്ലുവിളിയാണ്. എങ്കിലും അടിയന്തര നടപടികളിലേക്ക് വനംവകുപ്പ് കടക്കും.
ആനകളെ തിരിച്ചയച്ച കുതിരാൻ ഭാഗത്ത് റെയിൽ ഫെൻസിങ് സ്ഥാപിക്കുക എന്നതാണ് ശാശ്വത പരിഹാരം. ഇതിനുള്ള നടപടികൾ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

