ജനസേവനത്തിന് തടസ്സം; ബാങ്ക് ജോലി രാജിവെച്ചിറങ്ങി പഞ്ചായത്ത് പ്രസിഡൻറ്
text_fieldsബാങ്ക് ജീവനക്കാരും ഭരണ സമിതിയും ചേർന്ന് നൽകിയ യാത്രയയപ്പിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. സുലൈമാൻ സംസാരിക്കുന്നു
ചെറുതുരുത്തി: ജനസേവനത്തിന് തടസ്സമായി ജോലി രാജിവെച്ച് മുഴുവൻ സമയ പൊതുപ്രവർത്തന രംഗത്തേക്കിറങ്ങി വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്ദുൽ ഖാദർ. ചെറുതുരുത്തി സർവിസ് സഹകരണ ബാങ്കിലെ കാഷ്യറായിരുന്ന അബ്ദുൽ ഖാദറിന് ജനസേവനമാണ് പെരുത്ത് ഇഷ്ടം. സി.പി.എമ്മിെൻറ ചേലക്കര നിയോജക മണ്ഡലത്തിലെ മുന്നണി പോരാളിയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15ാം വാർഡിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി പ്രസിഡൻറ് സ്ഥാനം ആ വിശ്വസ്ത കരങ്ങളെ ഏൽപ്പിച്ചു. സഹകരണ മേഖലയിൽ ഇനിയും ഏറെക്കാലം സേവന കാലാവധിയുണ്ടെങ്കിലും കഴിഞ്ഞ ദിവസം ജോലി രാജിവെച്ചു. ഇപ്പോൾ മുഴുവൻ സമയ പ്രസിഡൻറായതോടെ ഏറെ സംതൃപ്തിയുണ്ടെന്ന് അബ്ദുൽ ഖാദർ പറയുന്നു. ബാങ്ക് ജീവനക്കാരും ഭരണ സമിതിയും ചേർന്ന് യാത്രയയപ്പ് നൽകി. ബാങ്ക് പ്രസിഡൻറ് ഷെറീഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സുധാകരൻ അധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡൻറ് എം. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി സി.പി. ശ്രീദേവി, ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

