മിന്നലിൽ വീടിനുനേരെ തീഗോളം; വിദ്യാർഥിനിക്ക് പരിക്ക്
text_fieldsമിന്നലിൽ വീടിന്റെ ചുവർ തകർന്ന നിലയിൽ
ചെറുതുരുത്തി: മിന്നലിൽ വീടിനുനേരെ തീഗോളം വന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു. വിദ്യാർഥിനിക്ക് പരിക്ക്. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ച് വീടിന് വിള്ളൽ സംഭവിച്ചു. ദേശമംഗലം ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന വട്ടപറമ്പിൽ സതീശന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം.
കനത്ത മഴയോടൊപ്പമുണ്ടായ മിന്നലിൽ അടുക്കള ഭാഗത്തേക്ക് തീഗോളം വന്ന് ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സതീശന്റെ മകൾ കോളജ് വിദ്യാർഥിനിയായ അനശ്വര ധരിച്ചിരുന്ന വസ്ത്രത്തിൽ തീ പിടിക്കുകയും കാലിൽ പൊള്ളലേൽക്കുകയും ചെയ്തു. സതീശന്റെ അമ്മ ജാനകി, ഭാര്യ സുബിത എന്നിവർ തീഗോളം വരുന്നത് കണ്ട് മാറിയതിനാൽ രക്ഷപ്പെട്ടു. ഇവർ ബഹളം വെച്ചതോടെയാണ് നാട്ടുകാർ എത്തിയത്. ആശാരിപ്പണിക്കാരനായ സതീശൻ ജോലി ആവശ്യാർഥം കൊല്ലത്തും മകൻ അക്ഷയ് പഠനാവശ്യാർഥം എറണാകുളത്തുമായിരുന്നു. വീടിനും കേടുപാട് സംഭവിച്ചു. സ്വിച്ച് ബോഡുകൾ പൊട്ടിത്തെറിച്ച് ചുവരുകളെല്ലാം പാടെ തകർന്ന നിലയിലാണ്. ദേശമംഗലം ഗ്രാമപഞ്ചായത്ത് അംഗം പി. പുഷ്പ്പജ വീട് സന്ദർശിച്ചു.

