വീട്ടിൽ വൈദ്യുതി ഇല്ലാതെ എട്ട് വർഷം: വിദ്യാർഥികൾ പഠിക്കുന്നത് അയൽക്കാരുടെ കാരുണ്യത്തിൽ
text_fieldsചെറുതുരുത്തി: എട്ടു വർഷമായി വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് രണ്ട് വിദ്യാർഥികളുടെ പഠിപ്പ് മുടങ്ങുന്നതായി പരാതി. ചെറുതുരുത്തി പൈങ്കുളം റോഡ് മേച്ചേരി കുന്നിന് സമീപം താമസിക്കുന്ന മേച്ചേരി തൊടി വീട്ടിൽ സുനിൽ, സുനിത ദമ്പതികളുടെ മക്കളായ ചെറുതുരുത്തി ഗവ. ഹൈസ്കൂളിൽ 10ാം ക്ലാസ്സിൽ പഠിക്കുന്ന യതു കൃഷ്ണക്കും സഹോദരൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാർത്തിക്കുമാണ് വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് പഠിക്കാൻ ബുദ്ധിമുട്ടുന്നത്.
ഇവരുടെ വീട് കുടുംബസ്വത്തായതിനെ തുടർന്ന് എട്ടു കൊല്ലമായി സുനിലിെൻറ സ്ഥലത്ത് സ്വന്തമായി വീട് വെച്ച് താമസിക്കുകയായിരുന്നു. ബന്ധുക്കൾ സഹകരിക്കാത്തതിനെ തുടർന്നാണ് ഇത്രയും കാലം ഇവിടേക്ക് വൈദ്യുതി ലഭിക്കാത്തിരുന്നതെന്നാണ് ഇവർ പറയുന്നത്. ഇതിൽ 10ാം ക്ലാസിൽ പഠിക്കുന്ന യതു കൃഷ്ണൻ ചെറിയ തോതിൽ കണ്ണിന് കാഴ്ചയില്ലാത്ത കുട്ടിയാണ്. വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് അടുത്തുള്ള വീടുകളിൽ പോയി മൊബൈലിൽ ചാർജ് കയറ്റിയാണ് ഇവർ സ്കൂൾ ക്ലാസ്സുകൾ പഠിക്കുന്നത്.
കൂലിപ്പണിക്കാരായ ഇവരുടെ വിഷമം അറിയിച്ചു കൊണ്ട് മുൻ വാർഡ് മെമ്പർ വിനീതാ ബാബുവിനൊപ്പം മന്ത്രി കെ. രാധാകൃഷ്ണനെ കണ്ട് രേഖാമൂലം നിവേദനം കൊടുത്തു. വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് പറഞ്ഞതായി ഇവർ പറഞ്ഞു.