കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഡി.സി.സി പ്രസിഡന്റിന് പരിക്ക്
text_fieldsതാലൂക്ക് ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ നടന്ന സംഘർഷം
ചെറുതോണി: ശബരിമല സ്വര്‍ണക്കൊള്ളക്ക് കൂട്ടുനിന്ന ദേവസ്വം മന്ത്രി രാജി വെക്കുക, മുഴുവന്‍ പ്രതികളേയും അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തില്‍ ഇടുക്കി താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷം. പ്രവർത്തകർ താലൂക്ക് ഓഫിസിന് മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിനിടയാക്കിയത്.
പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടെ ഓടയിലേക്ക് വീണാണ് സി.പി. മാത്യവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഇടുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യോഗം ആരംഭിക്കുന്നതിനുമുമ്പ് പ്രകടനം പൊലീസ് തടഞ്ഞതിനെതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് പ്രവർത്തകർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റിനെ ആശുപത്രിയിലേക്ക് മാറ്റിയശേഷം നടന്ന യോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല യു.ഡി.എഫ് ചെയര്മാന് ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.
എം.പിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രവർത്തകർ
പൊലീസിന്റെ മര്‍ദനമേറ്റാണ് ഡി.സി.സി പ്രസിഡന്റിന് പരിക്കേറ്റതെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ ദേശീയപാത ഉപരോധിച്ചു. എ.എസ്.പി ഇമ്മാനുവല്‍ പോള്‍ ഉപരോധ വേദിയിലെത്തി എം.പിയുമായി സംസാരിച്ചു. കുറ്റക്കാരായ പൊലീസുകാരുടെ പേരില്‍ നടപടിയെടുക്കുമെന്നു ഉറപ്പു നല്‍കിയതിനെ തുടര്‍ന്നു സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലാകെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഇടുക്കി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.
ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യൂവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നേതാക്കളായ എ.കെ. മണി, ഇ.എം. ആഗസ്തി, റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, എ.പി. ഉസ്മാന്, സേനാപതി വേണു, ജോര്‍ജ് ജോസഫ് പടവന്, എം.ഡി. അര്ജുനന്, ജി. മുനിയാണ്ടി, ഡി. കുമാര്‍, സിറിയക് തോമസ്, ടി.എസ്. സിദ്ദിഖ്, മിനി സാബു, ജോസ് അഗസ്റ്റിന്, അനീഷ് ജോര്‍ജ്, സി.പി. സലിം, ജോബി തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

