കുടിവെള്ള പൈപ്പിൽനിന്ന് വെള്ളം ക്രഷർ യൂനിറ്റിലേക്ക് ഒഴുക്കുന്നതായി പരാതി
text_fieldsകിള്ളിമംഗലത്ത് വാട്ടർ അതോറിറ്റിയുടെ ജലം സ്വകാര്യ വ്യക്തിയുടെ ക്രഷർ യൂനിറ്റിലേക്ക് ഒഴുക്കിവിടുന്ന പ്രദേശം
പരിശോധിക്കാൻ നാട്ടുകാർ എത്തിയപ്പോൾ
ചെറുതുരുത്തി: ഭാരതപ്പുഴയിൽനിന്ന് വിവിധ പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലേക്കും കുടിവെള്ളമെത്തിക്കുന്ന വലിയ പൈപ്പിൽനിന്ന് അനധികൃതമായി രാത്രികാലങ്ങളിൽ ആയിരക്കണക്കിന് ലിറ്റർ വെള്ളം സ്വകാര്യ വ്യക്തിയുടെ ക്രഷർ യൂനിറ്റിലേക്ക് ഒഴുക്കിവിടുന്നതായി നാട്ടുകാരുടെ പരാതി.
കാറാത്ത് പടി പ്രദേശത്തെ കൂറ്റൻ ടാങ്കിൽനിന്ന് തൊട്ടടുത്ത ക്രഷർ യൂനിറ്റിലേക്കു രാത്രിയുടെ മറവിൽ ജലക്കൊള്ള നടത്താനുള്ള പൈപ്പ് വനത്തിലൂടെയാണ്. വെള്ളം വീഴുന്ന ശബ്ദം സ്ഥിരമായപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം ബോധ്യമായത്. ജലവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ അറിവോടെയാണ് കാലങ്ങളായുള്ള ഈ കൊള്ളയടിയെന്നും പരാതി ഉയർന്നിട്ടുണ്ട്.
രണ്ടു വർഷങ്ങൾക്കു മുമ്പ് ക്രഷർ നടത്തുന്ന സ്വകാര്യ വ്യക്തി സമാനരീതിയിൽ വെള്ളം ഊറ്റിയതിനെത്തുടർന്ന് പതിനായിരം രൂപ പിഴയടച്ചിരുന്നു. കുടിവെള്ളത്തിനായി നാടും നഗരവും നെട്ടോട്ടമോടുമ്പോൾ വകുപ്പ് നടത്തുന്ന കൊള്ളക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കെ.എം.കബീർ, എ.എം. സത്താർ ഫൈസൽ തുടങ്ങിയവർ പറഞ്ഞു.