അശ്വഗന്ധ അഥവാ അമുക്കുരം ഇനി ലോകത്തിന് മുന്നിലേക്ക്; ആയുർവേദത്തിൽ ഒഴിച്ചുകൂടാനാകാത്ത ഔഷധം
text_fieldsചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രം
ചെറുതുരുത്തി: ആയുർവേദത്തിൽ ഒഴിച്ചുകൂടാനാകാത്ത സസ്യമായ അശ്വഗന്ധ അഥവാ അമുക്കുരം എന്ന ചെടിയുടെ ഗുണഗണങ്ങൾ ഇനി മുതൽ ലോകരാജ്യങ്ങൾ അറിയും. ന്യൂഡൽഹിയിലെ ഭാരതമണ്ഡപത്തിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ, ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പരമ്പരാഗത മരുന്നുകളെ ആസ്പദമാക്കി നടത്തുന്ന രണ്ടാമത്തെ ഗ്ലോബൽ സമ്മിറ്റ് എക്സിബിഷനിൽ കേരളത്തിന്റെയെന്ന് വിശേഷിപ്പിക്കുന്ന ഈ മരുന്ന് ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണകേന്ദ്രത്തിലെ ഡോക്ടർമാരും സ്ഥാപന മേധാവികളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും. ഇന്ത്യയിൽ ആയുഷ് സിസ്റ്റത്തിലെ (ആയുർവേദ, യോഗ ആൻഡ് നേച്ചറോപ്പതി, യുനാനി, സിദ്ധ, സോവാ റിഗ്പ്പ, ഹോമിയോപ്പതി എന്നിവ) ചികിത്സാരീതികളിലൂടെ ജനങ്ങളുടെ ആരോഗ്യത്തിന് കരുതൽ നൽകുന്ന സ്ഥാപനമാണ് ചെറുതുരുത്തി ആയുർവേദ പഞ്ചകർമ്മ.
ആയുർവേദ ആഹാരവും ഔഷധ ചെടികളും പ്രദർശിപ്പിക്കാനും ആയുർവേദ, യുനാനി സിദ്ധ, യോഗ ചികിത്സാരീതികളെ പരിചയപ്പെടാനും മനസ്സിലാക്കാനുമുള്ള അവസരവും പ്രതിനിധികൾക്ക് ലഭിക്കും.
മിനിസ്ട്രി ഓഫ് ആയൂഷ് ആണ് മീറ്റിന് നേതൃത്വം നൽകുന്നത്. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോക്ടർ തെന്ദ്രോസ് അധാനം ഖബ്രയോസുസും പങ്കെടുക്കും.
ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള ആരോഗ്യമന്ത്രിമാരും സെക്രട്ടറിമാരും ക്ഷണിതാക്കളായി എത്തും. കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവു ജാതവ്, ഡബ്ല്യു.എച്ച്.ഒയുടെ സീനിയർ ഉപദേശകൻ ഡോ. ഡേ ഖത്രേപാൽ, ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച, പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ധീരേന്ദ്ര ഓജ എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പോളിസി മേക്കേഴ്സ്, ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ്, ഗവേഷകർ, വിദഗ്ധർ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഈ ഗ്ലോബൽ സമ്മിറ്റ് ഇന്ത്യയുടെ പരമ്പരാഗത മരുന്നുകൾക്കുള്ള ഉള്ള പ്രാധാന്യം വെളിവാക്കുന്നതാണ്. ചെറുതുരുത്തി പഞ്ചകർമ്മ ആശുപത്രിയിലെ ആയുർവേദ അസിസ്റ്റന്റ് ഡയറക്ടർ ഡോ.വി.സി. ദീപ്, ഫാർമക്കോളജി അസിസ്റ്റന്റ് ഡയറക്ടർ ഡോ. സുദേഷ് എൻ. ഗൈധാനി, ബയോകെമിസ്ട്രി അസിസ്റ്റന്റ് ഡയറക്ടർ ഡോ. എൻ. തമിഴ് ശെൽവം, ആയുർവേദ റിസർച്ച് ഓഫിസർ ഡോ. പ്രദീപ് കുമാർ, ഡോ. കെ.എസ്. രോഹിത്, അസി.മാനേജർ രജനി മനോജ് എന്നിവർ പഞ്ചകർമ്മ ആശുപത്രിയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

