ഫുട്ബാൾ കളിയിലെ തർക്കം; യുവാവിനെ വീട്ടിൽ കയറി കുത്തി
text_fieldsഷിഹാസ്, ഷബീർ
ചെറുതുരുത്തി: ഫുട്ബാൾ കളിയിലെ തർക്കത്തെ തുടർന്ന് വീട്ടിൽ കയറി യുവാവിനെ രണ്ട് പേർ കുത്തി പരിക്കേൽപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ ചെറുതുരുത്തി പൊലീസ് പിടികൂടി. ദേശമംഗലം പഞ്ചായത്തിലെ പള്ളത്ത് താമസിക്കുന്ന വയ്യാട്ടുകാവിൽ വീട്ടിൽ മുഹമ്മദിന്റെ മകൻ സ്വാലിഹിനെയാണ് (19) ഞായറാഴ്ച ഉച്ചക്ക് വീട്ടിൽ കയറി രണ്ട് യുവാക്കൾ കുത്തി പരിക്കേൽപ്പിച്ചത്. തളി ഹാജിയാർ പടിക്ക് സമീപം താമസിക്കുന്ന ഇറങ്ങാട്ട് വീട്ടിൽ ബഷീറിന്റെ മക്കളായ ഷിഹാസ് (32), ഷബീർ (21) എന്നിവരെ അറസ്റ്റ്ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
സ്വാലിഹ് ആശുപത്രിയിൽ ചികിത്സയിൽ
ശനിയാഴ്ച രാത്രി പള്ളത്തെ ടർഫ് ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ കളിയിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്നാണ് ഞായറാഴ്ച ഉച്ചയോടെ പ്രതികൾ വീട്ടിൽ കയറി യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്. തടുക്കാൻ എത്തിയ മാതാവിനെ മർദിച്ചശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് സ്വാലിഹിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുതുരുത്തി സി.ഐ ബോബി വർഗീസ്, എസ്.ഐ ഷെജിൽ എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുകയും പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. വരവൂർ പഞ്ചായത്തിലെ തളിയിലുള്ള റബർ എസ്റ്റേറ്റിൽ പ്രതികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് എത്തി പിടികൂടുകയായിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

