തൊഴിലുറപ്പ് പദ്ധതി റോഡ് നിർമാണത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം
text_fieldsവാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി തേയിലമുക്ക് -പെരിക്കൻകവല റോഡിെൻറ കോൺക്രീറ്റ് ജോലിക്കായി
എത്തിച്ച സിമന്‍റ് ഉപേക്ഷിച്ചനിലയിൽ
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടിയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി തോപ്രാംകുടി തേയിലമുക്ക്-പെരിക്കൻകവല റോഡിെൻറ 110 മീറ്റർ കോൺക്രീറ്റ് ജോലിക്കുള്ള പദ്ധതിയിലാണ് വാർഡ് അംഗം അടക്കമുള്ളവരുടെ അറിവോടെ ക്രമക്കേട് നടന്നതായി നിർവഹണ കമ്മിറ്റി കൺവീനർ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്.
തോപ്രാംകുടി ടൗൺ വാർഡും കടക്കയം വാർഡും സംഗമിക്കുന്ന ഭാഗത്ത് തേയിലമുക്ക് -പെരിക്കൻകവല റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുക അനുവദിച്ചത്. ഇതിന് ആവശ്യമായ 300 പാക്കറ്റിലധികം സിമന്‍റും മറ്റ് നിർമാണ സാമഗ്രികളും ഇവിടെ ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ, 70 മീറ്ററിൽ മാത്രമാണ് കോൺക്രീറ്റ് നടന്നത്. നിർവഹണ കമ്മിറ്റി കൺവീനറും നാട്ടുകാരും പഞ്ചായത്ത് അംഗത്തെയും മറ്റ് അധികൃതരെയും ഇക്കാര്യം അറിയിച്ചെങ്കിലും ഒരുനടപടിയും ഉണ്ടായില്ലെന്ന് പറയുന്നു.
റോഡ് നിർമിച്ചഭാഗത്തും ആവശ്യമായ സിമന്‍റും മെറ്റലും മിക്സ് പൊടിയും ഉപയോഗിക്കാതെയാണ് കോൺക്രീറ്റിങ് നടത്തിയിരിക്കുന്നത്. നാല് ഇഞ്ച് മുതൽ ആറ് ഇഞ്ച് വരെ കനത്തിൽ കോൺക്രീറ്റ് ചെയ്യേണ്ടതിനുപകരം പലയിടങ്ങളിലും രണ്ടിഞ്ചുപോലും ഇല്ലാതെ നിർമാണത്തിൽ വൻ ക്രമക്കേട് നടത്തിയിരിക്കയാണെന്ന് നാട്ടുകാർ ആരോപിച്ചു. സ്ഥലത്ത് ഇറക്കിവെച്ച നൂറിലധികം സിമന്‍റ് പാക്കറ്റുകൾ പഞ്ചായത്ത് അംഗത്തിെൻറ തവണയായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതായും പറയുന്നു.
ബാക്കിവന്ന 100 പാക്കറ്റോളം സിമന്‍റ് ഇപ്പോൾ സമീപത്തുതന്നെ കട്ടപിടിച്ച് നശിച്ചനിലയിലുമാണ്. അഴിമതിയും ക്രമക്കേടും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.