സുനിൽ പ്ലക്കാർഡുമായി ശബരിമലക്ക് നടക്കുന്നു; മകന് നീതി തേടി
text_fieldsശബരിമലയിലേക്ക് ഇരുമുടിക്കെട്ടും പ്ലക്കാർഡുമായി പോകുന്ന സുനിൽകുമാർ
ചെറുതുരുത്തി: സ്കൂളിൽ തെന്നിവീണ് സാരമായി പരിക്ക് പറ്റിയ പത്ത് വയസ്സുകാരനായ മകനെ ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച മാനേജ്മെന്റിനോടും നടപടി സ്വീകരിക്കാത്ത അധികൃതരോടുമുള്ള പ്രതിഷേധമായി ശബരിമലയിലേക്ക് കാൽനടയായി ദർശനത്തിന് യാത്ര തിരിച്ച് പിതാവ്. നീതി തേടിയുള്ള പ്ലക്കാർഡും കൈയിൽ പിടിച്ചാണ് ചെറുതുരുത്തി വെട്ടിക്കാട്ടിരി വെല്ലൂർ വീട്ടിൽ സുനിൽകുമാർ ഇരുമുടിക്കെട്ടുമായി ശബരിമലക്ക് തിരിച്ചത്.
സുനിലിന്റെ മകൻ പത്ത് വയസ്സുകാരൻ ഷാമിലിന്റെ ചികിത്സക്കായി ഓഫിസുകൾ കയറിയിറങ്ങി മടുത്തതോടെയാണ് ഇത്തരമൊരു പ്രതിഷേധം തീരുമാനിച്ചത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കലക്ടർ, മറ്റ് നിരവധി ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് ശബരിമലയിലേക്ക് സുനിൽ കാൽനടയായി പ്ലക്കാർഡ് പിടിച്ച് നടന്നുപോകുന്നത്.
വെട്ടിക്കാട്ടിരിയിലെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഷാമിൽ 2025 ജൂൺ 11നാണ് മഴയെ തുടർന്ന് ക്ലാസ് മുറിയിലെ വെള്ളത്തിൽ തെന്നി വീണത്. രണ്ട് പല്ലുകൾ അപ്പോൾ തന്നെ നഷ്ടമായി. മറ്റു പല്ലുകൾ ഭാഗികമായി തകരുകയും ചെയ്തു. കേസ് ആക്കരുതെന്നും മുഴുവൻ ചികിത്സയും നൽകാമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയതായി സുനിൽ പറയുന്നു. സുനിൽകുമാർ പൈസ ചെലവഴിച്ച് ചികിത്സ നടത്തി. എന്നാൽ ഓപറേഷന് വൻ തുക വേണമെന്ന് പറഞ്ഞപ്പോൾ സ്കൂൾ മാനേജർ തരില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ചെറുതുരുത്തി പൊലീസിലും കലക്ടർക്കും വിദ്യാഭ്യാസ വകുപ്പിനും മറ്റും പരാതി നൽകി. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ ശ്രദ്ധ ക്ഷണിക്കാനും അയ്യപ്പന്റെ അനുഗ്രഹം വാങ്ങാനുമാണ് യാത്രക്ക് തുടക്കമിട്ടത്. കൂലിപ്പണിക്കാരനായ തനിക്ക് യാതൊരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് മകനെ സംരക്ഷിക്കാൻ പറ്റാത്തതെന്നും അയ്യപ്പൻ ഒരു മാർഗം കാണിച്ചു തരുമെന്നും സുനിൽ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

