ഇടവം പാടശേഖരത്തിൽ വെള്ളം; കൊയ്യാനാവാതെ 70 ഏക്കർ നെല്ല്
text_fieldsനെല്ല് കൊയ്തെടുക്കാൻ സാധിക്കാത്ത പാഞ്ഞാൾ മനപ്പടി ഇടവം പാടശേഖരത്തിൽ കർഷകർ
ചെറുതുരുത്തി: ഏറെ പ്രയാസങ്ങൾ സഹിച്ച് വിളയിച്ചെടുത്ത നെല്ല് വെള്ളം കെട്ടിനിൽക്കുന്നത് കാരണം കൊയ്യാൻ കഴിയാതെ കർഷകർ. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ മനപ്പടി പ്രദേശത്തെ കർഷകർക്കാണ് ഈ ദുരവസ്ഥ. ഉമ വിത്ത് പാകി മുണ്ടകൻകൃഷിയിറക്കി പ്രകൃതിക്ഷോഭങ്ങളും വന്യമൃഗശല്യവും ഓലകരിച്ചിലുമൊക്കെ അതിജീവിച്ച് ഏറെ ബുദ്ധിമുട്ടി വിളയിച്ചെടുത്ത നെൽകൃഷിയാണ് വിളവെടുക്കാൻ കഴിയാതെ പാടത്തു തന്നെ കിടക്കുന്നത്.
70 ഏക്കർ നെൽകൃഷിയാണ് കൊയ്തെടുക്കാൻ കഴിയാത്തത്. ചില കൃഷിയിടങ്ങളിൽ മാത്രമാണ് വെള്ളം കെട്ടിനിൽക്കുന്നതെങ്കിലും അപ്പുറത്തുള്ള സ്ഥലങ്ങളിലേക്കും കൊയ്ത്തുയന്ത്രങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് മിക്കവരും. കഴിഞ്ഞ ദിവസം കൊയ്യാനെത്തിയ യന്ത്രം കൃഷിയിടത്തിൽ താഴ്ന്നിരുന്നു. ജെ.സി.ബി ഉപയോഗിച്ചാണ് യന്ത്രം മാറ്റിയത്. ഇതിനെല്ലാം അധിക ചെലവും വരുന്നുണ്ടെന്നാണ് കൃഷിക്കാർ പറയുന്നത്.
ആഭരണങ്ങൾ പണയം വെച്ചും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകർക്ക് ഇക്കൊല്ലം ചെലവ് കൂടുന്ന സ്ഥിതിയാണെന്നും അധികൃതർ വേണ്ട നടപടിയെടുക്കണമെന്നും കർഷകരായ ഗോകുലദാസൻ ഇടശ്ശേരി, വാസുദേവൻ പറങ്ങോടത്ത് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

