പറമ്പ് വൃത്തിയാക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 15 പേർക്ക് പരിക്ക്
text_fieldsചെറുതുരുത്തി: പറമ്പ് വൃത്തിയാക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 15ഓളം പേർക്ക് പരിക്കേറ്റു. പാഞ്ഞാൾ പഞ്ചായത്തിലെ പതിനാലാം വാർഡ് ഓടിപ്പാറകുന്ന് കോളനി പരിസരത്ത് ജോലി ചെയ്തിരുന്ന ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കടന്നൽ കുത്തേറ്റത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. തൊഴിലാളികളെ രക്ഷപ്പെടുത്താനെത്തിയ ചന്ദ്രൻ (65), പാർവതി (52), കാർത്യായനി (65) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഓട്ടുപാറ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, വൈസ് പ്രസിഡൻറ് കൃഷ്ണൻകുട്ടി എന്നിവരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.

