വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണാഭരണം മോഷ്ടിച്ചു
text_fieldsചെറുതുരുത്തി: വീട്ടുകാർ ഉറങ്ങിക്കിടക്കവേ മുൻവാതിൽ തുറന്ന് 12 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ചെറുതുരുത്തി ഉഴിച്ചിൽ വൈദ്യർ റോഡിന് സമീപം താമസിക്കുന്ന കടവത്ത് വീട്ടിൽ ഹൈദറിന്റെ മകൻ അനൂപിന്റെ വീട്ടിൽനിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ തൂക്കം വരുന്ന മാലയും വളയും മോതിരങ്ങളും അടക്കം 12 പവൻ കളവ് പോയത്.
ചൊവ്വാഴ്ച രാവിലെ വീട്ടുകാർ കുട്ടികളെ മദ്റസ പഠനത്തിന് കൊണ്ടുപോകാൻ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് മുൻ വാതിൽ തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടതായി ശ്രദ്ധയിൽപ്പെട്ടത്. ചെറുതുരുത്തി എസ്.ഐ ഡി. ആനന്ദ്, എസ്.ഐ കെ. വിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധൻ യു. രാമദാസും ഡോഗ് സ്കാഡ് ഉദ്യോഗസ്ഥരുമെത്തി പരിശോധിച്ചു.

