കോടന്നൂർ ബാർ: സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsകോടന്നൂർ ബാറിന് മുന്നിൽ സമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
ചേർപ്പ്: കോടന്നൂർ ബാറിന് മുന്നിൽ ഉപരോധ സമരം നടത്തിയ സ്ത്രീകളും കുട്ടികളുമടക്കം 54 പേരെ അറസ്റ്റ് ചെയ്ത് നീക്കി.
ഉപരോധത്തിെൻറ 34ാം ദിവസവും ബാർ വിരുദ്ധ സമരത്തിെൻറ 4602ാം ദിനവുമായിരുന്നു ഞായറാഴ്ച. രാവിലെ 11ന് അറസ്റ്റ് ചെയ്ത സമരക്കാരെ രാത്രി വൈകിയാണ് പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ വിട്ടയച്ചത്. ബാറുകാർ പേരെടുത്ത് പരാതി നൽകിയ എട്ടുപേരെ കോടതി റിമാൻഡ് ചെയ്തു.
ഒരുമാസം മുമ്പാണ് കോടന്നൂരിൽ ബാറിന് സർക്കാർ ലൈസൻസ് നൽകിയത്. എന്നാൽ, ബാർ വിരുദ്ധ പൗരസമിതിയുടെ നേതൃത്വത്തിൽ ഉപരോധം നടക്കുന്നതിനാൽ ബാർ തുറക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനെതിരെ ഉടമകൾ ഹൈകോടതിയെ സമീപിച്ചിരുന്നു. ബാർ തുറക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.
അറസ്റ്റിൽ പ്രതിഷേധിച്ച് വൈകീട്ട് കോടന്നൂർ പള്ളിയിൽനിന്ന് നാട്ടുകാർ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധയോഗത്തിൽ ഫാ. ദേവസി പന്തല്ലൂക്കാരൻ, തൃപ്രയാർ കപിലാശ്രമത്തിലെ തേജസാനന്ത സ്വരൂപസ്വാമികൾ എന്നിവർ സംസാരിച്ചു.
ബാറിനെതിരെ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.