ഗർഭസ്ഥ ശിശു മരിച്ചു; ആശുപത്രിക്കെതിരെ പരാതി
text_fieldsrepresentational image
ചേർപ്പ്: ചേർപ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂർക്കനാട് വിജയെൻറ ഭാര്യ സൗമ്യയുടെ ഗർഭസ്ഥ ശിശു ആശുപത്രിയിൽ മരിച്ചത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന് കാട്ടി ചേർപ്പ് പൊലീസിൽ ബന്ധുക്കൾ പരാതി നൽകി.
വ്യാഴാഴ്ച രാവിലെ 11.15 മുതൽ ഗർഭസ്ഥ ശിശുവിന് ചലനം അനുഭവപ്പെടാതിരുന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തി ഡോക്ടറെ അറിയിച്ചു. ലേബർ റൂമിലേക്ക് പോകാനാണ് ഡോക്ടർ പറഞ്ഞത്. ലേബർ റൂമിലുണ്ടായിരുന്നവർ തിരിച്ച് ഡോക്ടറുടെ അടുത്തേക്കുതന്നെ അയച്ചുവെന്ന് പരാതിയിൽ പറയുന്നു. വീണ്ടും ലേബർ റൂമിൽ ചെന്നപ്പോൾ ഒരു കുഴപ്പവുമില്ലെന്നും ചായ കഴിച്ച് അവിടെത്തന്നെ കുറച്ച് നേരം നടന്നാൽ മതിയെന്നും പറഞ്ഞുവത്രെ.
രാത്രി 8.30ന് പൊടുന്നനെ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് തിയറ്ററിലേക്ക് കൊണ്ടുപോകുകയും ഒമ്പതോടെ കുട്ടി മരിച്ചതായി അറിയിക്കുകയുമായിരുന്നു. താൻ വീട്ടിലേക്ക് പോകുന്നത് വരെ കുട്ടിക്ക് ഹൃദയമിടിപ്പ് ഉണ്ടായിരുന്നുവെന്നും 8.30ഓടെ ഹൃദയമിടിപ്പ് കുറയുന്നുവെന്ന വിവരം കിട്ടിയതിനാൽ ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി മരിച്ചുവെന്നും ഡോക്ടർ പറയുന്നു.
ജലാംശം കുറവായതാകാം മരണ കാരണമെന്നും പറഞ്ഞു. എന്നാൽ, 10 ദിവസം മുമ്പ് പരിശോധിച്ചപ്പോൾ എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.