ദേവസംഗമം: ആറാട്ടുപുഴയിൽ പുരുഷാരം
text_fieldsആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നടന്ന ശാസ്താവിന്റെ എഴുന്നള്ളിപ്പ്
ചേർപ്പ്: മുപ്പത്തിമുക്കോടി ദേവസാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന ആറാട്ടുപുഴ ദേവസംഗമത്തിൽ പങ്കെടുക്കാനും കൂട്ടി എഴുന്നള്ളിപ്പ് ദർശിക്കാനും ആറാട്ടുപുഴയിലേക്ക് ജനപ്രവാഹം.
തൊട്ടിപ്പാൾ ഭഗവതിയുടെ പകൽപൂരത്തിൽ പങ്കെടുത്ത് ബുധനാഴ്ച വൈകീട്ട് ക്ഷേത്രത്തിൽ തിരിച്ചെത്തിയ ആറാട്ടുപുഴ ശാസ്താവ് ഏറ്റവും വലിയ ദേവമേളക്ക് ആതിഥ്യമരുളി 15 ആനകളുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളി.
പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 250ഓളം കലാകാരന്മാർ പഞ്ചാരിമേളത്തിന്റെ താളപ്രപഞ്ചം തീർത്തു. മേളം അവസാനിച്ചതോടെ എഴുന്നള്ളി നിൽക്കുന്ന ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടം അതിർത്തി വരെ പോയി. മടക്കയാത്രയിൽ ശാസ്താവ് നിലപാട് തറയിൽ നിലകൊണ്ടു.
ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനുശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് ഉത്തരവാദിത്തമേൽപിച്ച് ശാസ്താവ് തിരികെ ക്ഷേത്രത്തിലേക്ക് പോന്നു. ശാസ്താവ് നിലപാട് തറയിൽ എത്തിയതോടെ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിച്ചു. തേവർ കൈതവളപ്പിൽ എത്തുന്നതുവരെയാണ് എഴുന്നള്ളിപ്പുകൾ.
തൃപ്രയാർ തേവർ യാത്രയായി
തൃപ്രയാർ: ആറാട്ടുപുഴ ദേവ സംഗമത്തിൽ നായകത്വം വഹിക്കാൻ 'ഔദ്യോഗിക ബഹുമതി'കളോടെ തൃപ്രയാർ തേവർ യാത്രയായി. വൈകുന്നേരം നിയമ വെടിയും അത്താഴപൂജയും അത്താഴ ശീവേലിയും കഴിഞ്ഞാണ് സ്വർണക്കോലത്തിൽ തേവരുടെ തിടമ്പേറ്റി പള്ളിയോടത്തിൽ പുഴ കടന്നത്.
കിഴക്കേ കരയിലെത്തിയ തേവരെ കാത്ത് നാല് പൊലീസുകാർ നിൽപുണ്ടായിരുന്നു. ആകാശത്തേക്ക് ആചാര വെടി മുഴക്കി അവർ 'ഗാർഡ് ഓഫ് ഓണർ' നടപടി പൂർത്തിയാക്കി. തുടർന്ന് നൂറുകണക്കിന് ഭക്തരോടൊപ്പം തേവർ ആറാട്ടുപുഴയിലേക്ക് യാത്രയായി. തൃപ്രയാർ മുതൽ ആറാട്ടുപുഴക്ക് സമീപമുള്ള പല്ലിശ്ശേരി വരെ വീഥികൾ തേവരെ സ്വീകരിക്കാൻ കുരുത്തോല, ദീപങ്ങൾ, പന്തലുകൾ, കരിമരുന്ന് പ്രയോഗങ്ങൾ, മധുര വിതരണം, ഭക്ഷണ വിതരണം എന്നിവയാൽ സമൃദ്ധമായിരുന്നു. വഴി നീളെ ഭക്തരുടെ പറ നിറയ്ക്കലുമുണ്ടായിരുന്നു.