ചേർപ്പ് ചന്ത: അഞ്ച് കോടി വകയിരുത്തി -എം.എൽ.എ
text_fieldsവർഷങ്ങളായി തകർന്നുകിടക്കുന്ന ചേർപ്പ് ചന്ത
ചേർപ്പ്: വർഷങ്ങളായി തകർന്നുകിടക്കുന്ന ചേർപ്പ് ചന്തയുടെ വികസനത്തിന് അഞ്ച് കോടി രൂപ സർക്കാർ വകയിരുത്തിയതായി സി.സി. മുകുന്ദൻ എം.എൽ.എ. ചേർപ്പ് മാർക്കറ്റിന്റെ വികസനപ്രവർത്തനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് ഡിസൈൻ തയാറാക്കൽ ആരംഭിച്ചു. നടപടികൾ പൂർത്തിയായാൽ നിർമാണം തുടങ്ങും.
വ്യാപാര സ്ഥാപനങ്ങൾ, പഞ്ചായത്ത് ഓഫിസ് കെട്ടിടം, ഓഡിറ്റോറിയം എന്നിവയാണ് മാർക്കറ്റിനകത്ത് നിർമിക്കുക. മാർക്കറ്റിന് മുന്നിലെ പ്രവേശന കവാടത്തിലെ ഇടുങ്ങിയ കുപ്പിക്കഴുത്ത് പൊളിച്ച് മാർക്കറ്റ് വികസിപ്പിക്കും. ചന്തയുടെ വികസനത്തിന് മുൻഭാഗത്തുനിന്ന് മാറ്റുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പുതുക്കിനിർമിക്കുന്ന മാർക്കറ്റിനകത്ത് മുറികൾ നൽകും. മാർക്കറ്റ് വികസനപ്രവർത്തനത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമികയോഗം ചേർന്നു. സി.സി. മുകുന്ദൻ എം.എൽ.എ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് എന്നിവർ പങ്കെടുത്തു.

