ഡോക്ടറും ഭർത്താവും സഞ്ചരിച്ച കാർ കവർന്ന കേസിൽ ഒരാൾകൂടി പിടിയിൽ
text_fieldsകൃഷ്ണപ്രസാദ്
മുണ്ടൂർ (പാലക്കാട്): ഡോക്ടറും ഭർത്താവും സഞ്ചരിച്ച ആഡംബര കാറും വജ്രാഭരണങ്ങളും കവർന്ന സംഭത്തിൽ ഒരാൾകൂടി പിടിയിലായി. തൃശൂർ വരന്തരപ്പിള്ളി വേലുപ്പാടം വെട്ടിയാട്ടിൽ കൃഷ്ണപ്രസാദാണ് (36) ചേർപ്പിൽ പിടിയിലായത്. പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ സി.ഐ പ്രതാപ് ചന്ദ്രന് പരിക്കേറ്റു. ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കോയമ്പത്തൂർ സിങ്കനെല്ലൂർ ശിങ്കനഗർ വിപഞ്ചികയിൽ ഹരി പത്മനാഭനും ഭാര്യ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലെ ഡോ. പത്മജയും സഞ്ചരിച്ച സ്കോഡ കാർ മുണ്ടൂർ എം.ഇ.എസ് ഐ.ടി.ഐക്ക് സമീപം തടഞ്ഞ ശേഷം കാർ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഹരി പത്മനാഭനെ ഒറ്റപ്പാലത്ത് ഇറക്കിവിട്ടു. 2020 ജനുവരി മൂന്നിന് രാവിലെ 7.15നായിരുന്നു സംഭവം. 26 ലക്ഷം രൂപ വിലമതിക്കുന്ന കാറും എട്ട് വജ്രാഭരണങ്ങളുമാണ് കവർന്നത്.
കോതമംഗലം മുടവൻകുന്ന് ജെറിൻ ജോർജ് (32), തൃശൂർ വരന്തിരിപ്പള്ളി ആൽബിൻ (32), തൃശൂർ വരാക്കര രമേശ് (20), കണ്ണൂർ കിളിയന്തറ ശ്രീകാന്ത് (28), തൃശൂർ ആമ്പല്ലൂർ മുറി ജിതിൻ (29) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സി.ഐ പ്രതാപ് ചന്ദ്രൻ, സി.പി.ഒമാരായ ഷമീർ, ഷിജു, പ്രദീപ്, ഡ്രൈവർ ഷിബു എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.