കുടിവെള്ള പൈപ്പിനെടുത്ത കുഴി മൂടിയതിൽ അപാകത; ടിപ്പർ ലോറി താഴ്ന്നു
text_fieldsകരുവന്നൂരിൽ റോഡിലെ കുഴിയിൽ ലോറി താഴ്ന്ന നിലയിൽ
ചേർപ്പ്: റോഡിൽ കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴി ശരിയായ രീതിയിൽ മൂടാത്തതിനാൽ മെറ്റലുമായെത്തിയ ടിപ്പർ ലോറി താഴ്ന്നു. കരുവന്നൂർ രാജ കമ്പനിക്ക് സമീപമാണ് കുഴിയിൽ താഴ്ന്നത്. രാവിലെ എട്ടോടെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് എട്ടുമന ബണ്ട് റോഡ് നിർമാണത്തിന് മെറ്റൽ കയറ്റി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കുടിവെള്ള പൈപ്പിടാൻ റോഡിന് കുറുകെ കുഴിയെടുത്തത് ശരിയായ രീതിയിൽ മൂടാത്തതിനാൽ ലോറിയുടെ ഒരു ടയർ ഈ കുഴിയിൽ അകപ്പെടുകയായിരുന്നു. ഇതോടെ ലോറി ഒരു വശത്തേക്ക് ചരിഞ്ഞു. ഉടൻ രണ്ട് ജെ.സി.ബി കൊണ്ടുവന്നാണ് ലോറി കുഴിയിൽനിന്ന് കയറ്റിയത്. കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകിപ്പോകുന്നുണ്ട്. പ്രദേശത്ത് വാഹനങ്ങൾ ഇനിയും അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്നും അടിയന്തരമായി തകരാർ പരിഹരിക്കണമെന്നുമാണ് പൊതു ആവശ്യം.

