രണ്ടര പതിറ്റാണ്ടിന്റെ ദുരിതം; ചെമ്പൈപാടത്തുകാരോട് കനിവ് കാട്ടാതെ അധികാരികൾ
text_fieldsമതിലകം ചെമ്പൈപാടത്തെ വെള്ളക്കെട്ട്
മതിലകം: മതിലകം ചെമ്പൈപാടം നിവാസികൾ രണ്ടര പതിറ്റാണ്ടിലേറെയായി അനുഭവിക്കുന്ന കാലവർഷ ദുരിതം അറുതിയില്ലാതെ തുടരുമ്പോഴും കനിവ് കാട്ടാതെ അധികാരികൾ. പഞ്ചായത്ത് അധികാരികൾ മാത്രമല്ല രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളുമെല്ലാം ഈ ജനകീയ പ്രശ്നത്തെ അവഗണിക്കുകയാണ്.
മതിലകം പഞ്ചായത്തിൽ നിലവിലെ ഒമ്പതാം വാർഡിൽ താമസിക്കുന്ന 30ലേറെ കുടുംബങ്ങളാണ് ദുരിതക്കയത്തിൽ കഴിയുന്നത്. ഇത്തവണ മഴ കനത്തതോടെ ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ ദുരിതവും കനത്തിരിക്കുകയാണ്. വെള്ളക്കെട്ട് കൂടുതൽ വീടുകളിലേക്ക് വ്യാപിച്ച അവസ്ഥയാണ്. പല കുടുംബങ്ങളും വീടൊഴിഞ്ഞ് പോയി. അവശേഷിക്കുന്നവർ വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളിൽ ഒരു വിധം കഴിച്ചു കൂട്ടുന്നു. മലിനജലം താണ്ടിയാണ് ഒഴിഞ്ഞുപോകാൻ പറ്റാത്ത വീടുകളിലെ വിദ്യാർഥികൾ സ്കൂളിൽ പോകുന്നതും വരുന്നതും. വെള്ളം കെട്ടിനിന്ന് വീടുകൾ നാശം നേരിടുകയാണ്. വീട്ടുവളപ്പിലെ ഫലവൃക്ഷങ്ങളും പച്ചക്കറിയിനങ്ങളുമെല്ലാം നശിക്കുന്നു.
മഴവെള്ളത്തോടൊപ്പം ദേശീയപാതയിലെ അഴുക്കുചാൽ വഴിയെത്തുന്ന മലിനജലവും ഒഴുകിപ്പോകാതെ കാനയിലും പ്രദേശത്തും കെട്ടി നിൽക്കുകയാണ്. ചില വീടുകളുടെ അകത്താണ് വെള്ളം കെട്ടി നിൽക്കുന്നത്. കൊതുകുശല്യത്തിന് പുറമെ മറ്റു രോഗഭീതിയിലുമാണ് സ്ഥലവാസികൾ. മാലിന്യ മുക്തപ്രഖ്യാപനം നടത്തിയ പഞ്ചായത്തിലാണ് ഈ ഗൗരവതരമായ സാഹചര്യം. ഈയിടെ ഒരു ഗൃഹനാഥന് എലിപ്പനി പിടിപെട്ടിരുന്നു.
പ്രശ്ന പരിഹാരത്തിനായി സ്ഥലവാസികൾ മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള സദസ്സിൽ ഏറെ പ്രതീക്ഷയോടെയാണ് ദുരിതബാധിതർ പരാതി നൽകിയത്. അതും വെറുതെയായി.ഒരിക്കൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ദുരിതബാധിതർ ഭീഷണി മുഴക്കിയതോടെ എം.എൽ.എ ഉൾപ്പെടെ ഓടിയെത്തി പരിഹാരം ഉറപ്പ് നൽകിയതാണ്. എന്നാൽ നടപടി ഉണ്ടായിട്ടില്ല. സാധ്യമായ കാര്യങ്ങൾ പോലും ചെയ്യാൻ പഞ്ചായത്ത് അധികാരികൾ തയാറാകുന്നില്ലെന്ന് സ്ഥലവാസികൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

