ചേലക്കരയിൽ പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ചു
text_fieldsചേലക്കരയിൽ പുറമ്പോക്ക് ഭൂമി കൈയേറി താമസിച്ചിരുന്ന
വീടുകൾ ഒഴിപ്പിക്കുന്നതിനിടെ വീട്ടുകാരെ ബലമായി മാറ്റുന്ന പൊലീസ്, അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ
ചേലക്കര: പുറമ്പോക്ക് ഭൂമി കൈയേറി താമസിച്ചിരുന്ന വീടുകൾ ഒഴിപ്പിക്കാനുള്ള നടപടികൾ നാടകീയ രംഗങ്ങൾക്കൊടുവിൽ പൂർണമായും പൂർത്തിയായി. രാവിലെ ചിറ്റിലപ്പിള്ളി ഷീബയുടെ വീട് ഒഴിപ്പിച്ചതിന് പിന്നാലെ, ശക്തമായ പ്രതിഷേധം ഉയർത്തിയ കുളത്തിങ്കൽ ബീവാത്തുമ്മയുടെ വീടും വൻ പൊലീസ് സന്നാഹത്തോടെ അധികൃതർ ഒഴിപ്പിച്ചു. ഉച്ചക്ക് ശേഷം നാലുവരെ അധികൃതർ നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങൾ നാടകീയ നീക്കങ്ങളിലേക്ക് നീങ്ങിയത്.
ഒഴിപ്പിക്കൽ തടയാൻ വീട്ടുകാർ ദേഹത്ത് ഇന്ധനം പകരാൻ ശ്രമിച്ചെങ്കിലും ഫയർഫോഴ്സ് ശക്തമായി വെള്ളം ചീറ്റി ഇവരെ തടയുകയായിരുന്നു. തുടർന്ന് പൊലീസ് വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന് വീട്ടുകാരെ ബലമായി പിടിച്ചിറക്കി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലുണ്ടായിരുന്ന ലിറ്റർ കണക്കിന് പെട്രോളും രണ്ട് ഗ്യാസ് സിലിണ്ടറുകളും പൊലീസ് സുരക്ഷിതമായി പുറത്തെടുത്തു. ഒഴിപ്പിക്കൽ നടപടികൾക്ക് ശേഷം ഷീബയുടെ വീട് ജെ.സി.ബി ഉപയോഗിച്ച് പൂർണമായും തകർത്തു.
പഞ്ചായത്ത് സെക്രട്ടറി എം. ജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന നടപടികൾക്ക് ചേലക്കര എസ്.എച്ച്.ഒ കെ. സതീഷ്, വടക്കാഞ്ചേരി, ചെറുതുരുത്തി, പഴയന്നൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് സ്പെഷൽ തഹസിൽദാർ പ്രസന്നൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. 2014ൽ ആരംഭിച്ച നിയമപോരാട്ടം സുപ്രീം കോടതി വിധിയിലൂടെയാണ് പഞ്ചായത്തിന് അനുകൂലമായി തീർന്നത്.
ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി പഞ്ചായത്ത് കുറുമല റോഡിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. പുറമ്പോക്കിൽനിന്ന് മാറി പുതിയ വീട്ടിൽ താമസമാക്കിയാൽ വസ്തു ഇവരുടെ പേരിൽ തീറാധാരമാക്കി നൽകുമെന്നും അധികൃതർ അറിയിച്ചു. ഷീബയുടെ കുടുംബത്തെ ഇതിനോടകം തന്നെ പുതിയ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഭൂമി ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ടി. രമ്യ, എം.ആർ. ജിഷ എന്നിവർക്ക് പരിക്കേറ്റു. കുളത്തിങ്കൽ ബീവാത്തുമ്മയുടെ വീട് ഒഴിപ്പിക്കുന്നതിനിടെയുണ്ടായ പ്രതിഷേധത്തിനിടയിലാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. ഒരാളുടെ കൈയുടെ ലിഗ്മെന്റിന് പരിക്കേൽക്കുകയും മറ്റൊരാൾക്ക് മർദനമേൽക്കുകയുമായിരുന്നു. പരിക്കേറ്റവർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

