കുടുംബ ക്ഷേത്രത്തിലെ വിഗ്രഹം കവർന്ന കുടുംബാംഗം അറസ്റ്റിൽ
text_fieldsചേലക്കര: ബോയൻ സമുദായ കുടുംബ ക്ഷേത്രത്തിൽ വിഗ്രഹം മോഷ്ടിച്ച കേസിൽ കുടുംബാംഗമായ യുവാവ് അറസ്റ്റിൽ. കരുണാകരത്ത് പറമ്പിൽ കൃഷ്ണൻകുട്ടിയാണ് (45) അറസ്റ്റിലായത്. മോഷ്ടിച്ച വിഗ്രഹം സമീപത്തുള്ള കിണറ്റിൽനിന്ന് കണ്ടെടുത്തു. മേയ് 30നാണ് ചേലക്കര ഗ്രാമം ബോയൻ സമുദായ കുടുംബ ക്ഷേത്രത്തിൽനിന്ന് വിഗ്രഹവും അതിൽ ചാർത്തിയ മാലയും മോഷണം പോയത്. തുടർന്ന് കുടുംബാംഗങ്ങൾ ചേലക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുംബാംഗമായ കൃഷ്ണൻകുട്ടി ആണെന്ന് പൊലീസിന് മനസ്സിലായത്.
അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ സമീപത്തുള്ള പഞ്ചായത്തിന്‍റെ കിണറ്റിൽ തന്നെയാണ് വിഗ്രഹം ഇട്ടിരിക്കുന്നതെന്ന് പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. തുടർന്ന് വടക്കാഞ്ചേരി ഫയർ ഫോഴ്സ് സ്ഥലത്തെത്തി കിണറ്റിൽനിന്ന് വിഗ്രഹം കണ്ടെടുത്തു. വിഗ്രഹത്തിൽ ചാർത്തിയിരുന്നെന്ന് പരാതിക്കാർ പറയുന്ന മാല കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് പ്രതിയുടെ വീട്ടിലും സമീപത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ചേലക്കര സി.ഐ ഇ. ബാലകൃഷ്ണന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.