ചാവക്കാട്: കഞ്ചാവും ഹാഷിഷ് ഓയിലും വിൽപന നടത്തുന്ന സംഘത്തിലെ യുവാവ് പിടിയിൽ. തെക്കഞ്ചേരി പെരിങ്ങാടൻ വീട്ടിൽ അജിത് സുന്ദരൻ എന്ന കണ്ണനെയാണ് (20) ചാവക്കാട് എസ്.എച്ച്.ഒ അനിൽ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തെക്കഞ്ചേരി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് അറസ്റ്റ്. പൊലീസ് സംഘം പ്രതികളെ തെക്കഞ്ചേരി മരമില്ല് ഭാഗത്ത് കണ്ടെത്തുകയായിരുന്നു. സംഘാംഗങ്ങൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടയിലാണ് അജിത് പിടിയിലായത്. വാഹനം പരിശോധിച്ചപ്പോൾ 10.05 ഗ്രാം കഞ്ചാവും 04.078 ഗ്രാം ഹാഷിഷ് ഓയിലും കത്തിയും കണ്ടെത്തി.
മറ്റു പ്രതികൾക്കായുള്ള ഊർജിതമായ അന്വേഷണത്തിലാണ് പൊലീസ്. എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, അനിൽ, സി.പി.ഒമാരായ ശരത്ത്, അനീഷ്, താജുദ്ദീൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.