ദേശീയപാത 66ൽ തെറ്റായ ദിശാബോർഡ് വാഹനങ്ങളെ വഴിതെറ്റിക്കുന്നു
text_fieldsചാവക്കാട് മുല്ലത്തറ ജങ്ഷന് മുമ്പായി ദേശീയപാത അധികൃതർ സ്ഥാപിച്ച തെറ്റായ ദിശാ ബോർഡ്
ചാവക്കാട്: ദേശീയപാത 66ൽ ചാവക്കാട് മുല്ലത്തറയിൽ സ്ഥാപിച്ച തെറ്റായ ദിശാസൂചികാ ബോർഡ് ദീർഘദൂര യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പൊന്നാനി ഭാഗത്തുനിന്ന് ചേറ്റുവ, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളാണ് അധികൃതരുടെ അനാസ്ഥ കാരണം വഴിതെറ്റി ചെളിക്കുണ്ടിൽ അകപ്പെടുന്നത്. നിലവിൽ പൊന്നാനി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മണത്തല ബ്ലോക്ക് ഓഫീസ് ഭാഗത്ത് ഹൈവേ അവസാനിക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണ് യാത്ര തുടരുന്നത്. മണത്തല മുല്ലത്തറ ജങ്ഷനിലെ മേ ൽപ്പാലത്തിന്റെയും ബൈപാസ് റോഡിന്റെയും പണി പൂർത്തിയാകാത്തതിനാലാണ് ഇത്തരത്തിൽ ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. എന്നാൽ, സർവിസ് റോഡ് വഴി ജങ്ഷനിലെത്തുന്ന ദീർഘദൂര വാഹനങ്ങൾ, നിർമാണം നടക്കുന്ന പാലത്തിന്റെ അരികിലൂടെയുള്ള റോഡിലൂടെ നേരെ പോയാൽ പ്രധാന ഹൈവേയിൽ പ്രവേശിക്കാം എന്ന ധാരണയിൽ മുന്നോട്ട് പോവുകയാണ്.
ജങ്ഷന് തൊട്ടുമുൻപ് ദേശീയപാത അധികൃതർ സ്ഥാപിച്ച ദിശാസൂചികാ ബോർഡിൽ ചേറ്റുവ ഭാഗത്തേക്ക് പോകേണ്ടത് നേരെ ആണെന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ ബോർഡ് വിശ്വസിച്ച് പോകുന്ന നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ചതിയിൽ പെടുന്നത്. ബോർഡ് കണ്ട് നേരെ പോകുന്ന വാഹനങ്ങൾ അര കിലോമീറ്ററോളം മുന്നോട്ട് ചെല്ലുമ്പോഴാണ് റോഡ് അവസാനിക്കുന്ന വിവരം അറിയുന്നത്. തുടർന്ന് ചെളിയും കുഴിയും നിറഞ്ഞ വഴിയിലൂടെ അതിസാഹസികമായാണ് വാഹനങ്ങൾ പിന്നോട്ട് എടുക്കുന്നത്.
ടൂറിസ്റ്റ് ബസ്, ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇവിടെയെത്തിയാൽ തിരിച്ചുപോരാൻ ഇടമില്ലാതെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. നാട്ടുകാർക്ക് ഇതിലെ വഴിയില്ലെന്നറിയാമെങ്കിലും ദീർഘദൂര യാത്രക്കാരാണ് ഈ ചതിക്കുഴിയിൽ ഏറെയും വീഴുന്നത്.വെളിച്ചമില്ലാത്ത, വിജനമായ ഈ ഭാഗത്ത് രാത്രി സമയങ്ങളിൽ പെട്ടുപോകുന്നത് വലിയ ഭീതിയുണർത്തുന്നതായി യാത്രക്കാർ പറയുന്നു.
തെറ്റായ ദിശാബോർഡ് അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ ദേശീയപാത അധികൃതർ തയ്യാറാകണമെന്നും ഈ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് 500 മീറ്റർ കഴിഞ്ഞാൽ റോഡ് അവസാനിക്കുമെന്ന മുന്നറിയിപ്പ് വിവിധ ഭാഷകളിൽ വ്യക്തമായി എഴുതിയ ബോർഡ് സ്ഥാപികുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

