യുവതിയെയും മക്കളെയും കാണാതായ സംഭവം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsചാവക്കാട്: പഞ്ചവടിയിൽനിന്ന് യുവതിയെയും മക്കളെയും കാണാതായ സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. എടക്കഴിയൂരിലെ ഓട്ടോ ഡ്രൈവർ തമിഴ്നാട് കൃഷ്ണഗിരി എം.ജി.ആർ നഗർ സ്വദേശി റിയാസ് സർദാർ ഖാനെയാണ് (34) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
റിയാസിെൻറ ഭാര്യയുടെ പരാതി പ്രകാരം ചാവക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നാണ് കാണാതായ യുവതിക്കും മക്കൾക്കുമൊപ്പം താമസിക്കുകയായിരുന്ന റിയാസിനെ പിടികൂടിയത്.
മൂന്നുമാസം മുമ്പാണ് യുവതിയെയും മക്കളെയും കാണാതായത്. കാണാതായ യുവതിയുടെ ഭർതൃസഹോദരിയുടെ ഭർത്താവാണ് റിയാസ്. ഭാര്യയെയും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെയും ഉപേക്ഷിച്ചുപോയ കാര്യത്തിലാണ് പരാതി നൽകിയത്. ഇയാൾക്കെതിരെ ജുവനൈയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചാവക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ യു.കെ. ഷാജഹാൻ, എ.എസ്.ഐമാരായ ബാബു, രാജേഷ്, സി.പി.ഒമാരായ പ്രജീഷ്, വിപിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

