കാറ്റും ഉണക്കപ്പുല്ലും; തീരദേശത്ത് തീപിടിത്തം പതിവ്
text_fieldsഎടക്കഴിയൂർ കാദിരിയ പള്ളിക്ക് സമീപം ബീച്ചിലുണ്ടായ തീ അണക്കാൻ ശ്രമിക്കുന്നയാൾ
ചാവക്കാട്: മഴക്കാലത്ത് വളർന്നു പന്തലിച്ച ബീച്ചിലെ പുൽക്കാടുകൾ ഉണങ്ങുകയും കാറ്റ് വീശുകയും ചെയ്തു തുടങ്ങിയതോടെ ചാവക്കാട് തീരെ മേഖലകളിൽ തീപിടിത്തം പതിവാകുന്നു. എടക്കഴിയൂർ കാദിരിയ പള്ളിക്ക് പടിഞ്ഞാറ് വശം ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഉണങ്ങിയ പുല്ലിന് തീപിടിച്ചത്. പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്കോട്ടാണ് തീ പടർന്നത്.
കാറ്റാടി മരങ്ങളും അടിക്കാടും കത്തിനശിച്ചു. ഗുരുവായൂർ ഫയർഫോഴ്സ് എത്തിയെങ്കിലും തീ പടരുന്നിടത്തേക്ക് വാഹനത്തിന് എത്താൻ കഴിഞ്ഞില്ല. ജനവാസ കേന്ദ്രത്തിനു പത്തു മീറ്റർ അകലെ വെച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. നാട്ടുകാരുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണക്കാൻ ആയത്. നാട്ടുകാരായ അഷ്‌കർ, അലി, വാർഡ് മെംബർ ഷാനിഫ്, നിഷാർ, ഷഹീർ, സുഫി, ഫൈസൽ, അസി. സ്റ്റേഷൻ ഓഫീസർ എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള ഗുരുവായൂർ ഫയർ ഫോഴ്സ് യൂനിറ്റും ചേർന്നാണ് തീയണച്ചത്.
അതേസമയം തന്നെ മന്ദലംകുന്ന് ബീച്ചിലും പുൽകാടുകൾക്ക് തീപിടിച്ചു. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നിടത്ത് തീ പടർന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. തീ പടരുന്നത് കണ്ട ഉടൻതന്നെ വാഹനങ്ങൾ മാറ്റുകയും തീ കൂടുതൽ മേഖലകളിലേക്ക് പടരുന്നതിനു മുന്നേ നാട്ടുകാരും സന്ദർശകരും ചേർന്ന് തീ അണച്ചു.
കഴിഞ്ഞദിവസം എടക്കഴിയൂർ ഖാദിരിയ പടിഞ്ഞാറ് വശം രാമ പടത്തിനു തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. മന്നലാംകുന്ന് ബീച്ചിൽ കാറ്റാടി മരങ്ങൾക്കും കഴിഞ്ഞ ദിവസം തീ പിടിച്ചിരുന്നു. തീരദേശത്ത് നിരന്തരമായി ഉണ്ടാകുന്ന തീപിടുത്തം തടയുന്നതിന് ഉണങ്ങിയ പുൽക്കാടുകൾ വെട്ടി നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പരിഹാരമാർഗങ്ങൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

