ചാവക്കാട്: ദേശീയപ്പാതക്ക് സമീപം വർക്ക് ഷോപ്പിനു മുന്നിൽ നിർത്തിയിട്ട അഞ്ചു ബൈക്കുകൾ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. തിരുവത്ര സ്കൂളിന് സമീപം അമ്പലത്ത് താനപറമ്പിൽ വഹാബിൻെറ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് അഗ്നിക്കിരയായത്. ശനിയാഴ്ച്ച പുലർച്ച ഒന്നോടെയാണ് സംഭവം. റിപ്പയറിനായി ഗ്യാരജിന് പുറത്ത് നിർത്തിയിട്ട ബൈക്കുകളാണിവ. സംഭവ സമയം ദേശീയ പാതയിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശികളാണ് ബൈക്ക് കത്തുന്നത് കണ്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചത്. ഗുരുവായൂർ അഗ്നിശമന എത്തിയാണ് തീയണച്ചത്. എട്ടോളം ബൈക്കുകളാണ് പുറത്ത് നിർത്തിയിട്ടിരുന്നത്.
ഫയർഫോഴ്സ് ഇടപെടൽ മൂലം ഗ്യാരേജിൻെറ ഉള്ളിലുള്ള ബൈക്കുകളിലേക്ക് തീ പടർന്ന് കയറിയില്ല. മൂന്നു ദിവസമായി ഈ വർക്ക്ഷോപ്പ് പൂട്ടികിടക്കുകയായിരുന്നു. പെട്രോൾ ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിൻറെ നേതൃത്വത്തിൽ ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.
പൊലീസുകാരൻെറ വാഹനം അഗ്നിക്കിരയാക്കിയിട്ട് അഞ്ചു വർഷം; എങ്ങുമെത്താതെ അന്വേഷണം
ചാവക്കാട്: പുന്നയൂർക്കുളത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ വീടിനു മുന്നില്‍ നിർത്തിയിട്ട കാറും ബൈക്കും അഗ്നിക്കിരയാക്കിയിട്ട് അഞ്ച് വർഷം പൂർത്തിയായി. സംഭവത്തിനു പുറകിലുള്ളവരെ കണ്ടെത്താൻ കഴിയാതെ കേസ് അന്വേഷിച്ച ഉന്നത പൊലീസ്. ഇപ്പോഴത്തെ കടപ്പുറം മുനക്കക്കടവ് തീര ദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും സംഭവം നടക്കുമ്പോൾ വടക്കേക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയുമായിരുന്ന പുന്നയൂര്‍ക്കുളം മാവിന്‍ ചുവട് സ്വദേശി വൈശ്യം വീട്ടില്‍ അഷറഫിൻറെ വീടിനു മുന്നിൽ നിർത്തിയിട്ട കാറും ബൈക്കുമാണ് അജ്ഞാതർ അഗ്‌നിക്കിരയാക്കിയത്.
2016 നവംബർ പത്തിന് പുലർച്ചെ 12 നും 1.15 നുമിടയിലായിരുന്നു സഭവം. വീടിന് മുന്നില്‍ കാറിന് സമീപത്തായിരുന്നു ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടാണ് അഷറഫും പരിസരവാസികളും സഭവമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ അന്നത്തെ വടക്കേക്കാട് അഡീഷണല്‍ എസ്.ഐ വി.ജെ ജോണും സംഘവും വീടിന് പിന്‍ഭാഗത്ത് ഒരുകാറ് വന്നു പോയതിൻറെ അടയാളവും കണ്ടെത്തിയിരുന്നു.
അഷ്റഫിൻറെ വാഹനങ്ങൾ കത്തിച്ചവരെ കണ്ടെത്താൻ അന്നത്തെ ചാവക്കാട് സി.ഐ. കെ.ജി. സുരേഷിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. അന്വേഷണത്തിനിടയിൽ കെ.ജി. സുരേഷ് ഉൾപ്പടെയുള്ളവർ പലവഴിക്ക് പിരിയുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം പലവഴിക്ക് പിരിഞ്ഞതോടെ കുന്നംകുളം എ.സി.പി ടി.എസ്. സിനോജിനായിരുന്നു അന്വേഷണ ചുമതല. അദ്ദേഹത്തിൻറെ ഏറനാളത്തെ അന്വേഷണത്തിനു ശേഷം ആ കേസ് അൺ ഡിറ്റക്റ്റബിളായി പ്രഖ്യാപിച്ച് തെളിയിക്കപ്പെടാത്ത കേസുകളുടെ കൂട്ടത്തിലാക്കി അന്വേഷണം നിർത്തിവെച്ചിരിക്കുകയാണ്.
ചാവക്കാട്, വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന തിരുവത്ര, അകലാട്, അണ്ടത്തോട്, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് മേഖലയിലായി അജ്ഞാതർ വീടുകൾക്കു മുന്നിലെത്തി വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച നിരവധി സംഭവങ്ങളുള്ളത്. എതിരാളിയെ മാനസികമായും സാമ്പത്തികമായും ഒതുക്കാനുള്ള മാർഗമായാണ് ശത്രുക്കൾ ഈ വിദ്യ പ്രയോഗിക്കുന്നത്.