തെരുവുനായ് ആക്രമണം; അകലാട് അഞ്ചുപേർക്ക് പരിക്ക്
text_fieldsചാവക്കാട്: അകലാട് തെരുവുനായുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. അകലാട് മൊയ്‌ദീൻ പള്ളിക്കുപടിഞ്ഞാറ് പണിക്കവീട്ടിൽ ഹംസക്കുട്ടിയുടെ മകൾ ഹൻഫ (മൂന്ന്), മൂന്നയിനി പണിക്കവീട്ടിൽ ബുഷറ (37), മൊയ്ദീൻപള്ളി സ്വദേശികളായ കൊട്ടാരപുരക്കൽ ഫാത്തിമ (64), കുട്ടിയകത്ത് മൊയ്തു, പടിനപുറത്ത് മമ്മുണ്ണി എന്നിവർക്കാണ് കടിയേറ്റത്.
വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. ഹൻഫ വീട്ടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം. ബുഷറയെ കുന്നംകുളം മലങ്കര ആശുപത്രിയിലും മറ്റുള്ളവരെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരേ നായയാണ് പല ഭാഗത്തുമെത്തി ആക്രമിച്ചത്.
ഇരട്ടപ്പുഴയിൽ ആറുപേരെ കടിച്ചു
ചാവക്കാട്: ഇരട്ടപ്പുഴയിൽ തെരുവുനായ് ആറുപേരെ കടിച്ചു പരിക്കേൽപിച്ചു. കടപ്പുറം ഇരട്ടപ്പുഴ മരക്കാരകത്ത് നസീറ (48), കിഴക്കൂട്ട് മണി (60), ബ്ലാങ്ങാട് നാരായണൻ (52), ചീരത്ത് കാവ്യ (22), ആച്ചി വത്സല (65), തൂമാട്ട് ശ്രുതി (30) എന്നിവർക്കാണ് കടിയേറ്റത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പരിക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നാലുപേരെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.