ചാവക്കാട്: തിരുവത്രയിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച നടത്തി ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ. ബൈക്ക് മോഷണ കേസിലാണ് പിടിയിലായത്. വാടാനപ്പള്ളി ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് രായംമരക്കാർ വീട്ടിൽ സുഹൈൽ ഷംസുദ്ദീനെയാണ് (42) ചാവക്കാട് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. തിരുവത്ര കോട്ടപ്പുറം ഉണ്ണിപിരി വീട്ടിൽ ഹസൈനാരുടെ മകൻ ഷിറാസിെൻറ (31) വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്.
ചാവക്കാട് തിരുവത്രയിലുള്ള പ്രവാസിയുടെ വീട് മറ്റു രണ്ട് പ്രതികൾക്കൊപ്പം കുത്തിത്തുറന്ന് 36 പവൻ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായിരുന്നു. കവർച്ച നടന്ന അതേ ദിവസമാണ് ബൈക്ക് മോഷണം പോയത്. പൊലീസ് അന്വേഷണത്തിൽ വീട് മോഷണം നടത്തിയതിനു ശേഷം ഒരു ബൈക്കിലാണ് പ്രതികൾ രക്ഷപ്പെട്ടതെന്നും അത് കോട്ടപ്പുറത്തുനിന്ന് മോഷണം പോയതാണെന്നും കണ്ടെത്തി. നിരവധി മോഷണ കേസുകളിൽ പ്രതിയായ സുഹൈൽ പലതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചാവക്കാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ യു.കെ. ഷാജഹാൻ, എ.എസ്.ഐ ബാബു, സീനിയർ സി.പി.ഒ ജിജി, സി.പി.ഒമാരായ ശരത്ത്, ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.