ഒറ്റ ദിവസം, കിട്ടിയത് കാൽകോടിയുടെ ചെമ്മീൻ; മുനക്കക്കടവിൽ ആഹ്ലാദം
text_fieldsകടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്‍ററിൽ ബുധനാഴ്ച ലഭിച്ച കരിക്കാടി ചെമ്മീൻ
ചാവക്കാട്: മുനക്കക്കടവിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ കൊയ്ത്ത്. ബുധനാഴ്ച കടലിലിറങ്ങിയ ബോട്ടുകാർക്കാണ് കാൽകോടിയിലധികം രൂപയുടെ ചെമ്മീൻ ലഭിച്ചത്.
രണ്ടു ദിവസമായി മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽനിന്നു പോകുന്ന ബോട്ടുകാർക്ക് ചെമ്മീൻ ലഭിച്ചിരുന്നുവെങ്കിലും ബുധനാഴ്ച നിറയെ കരിക്കാടി ചെമ്മീനുമായാണ് എല്ലാ ബോട്ടുകളും തിരിച്ചെത്തിയത്.
കിേലാക്ക് 70 മുതൽ 80 രൂപ വരെയാണ് നാരൻ, പൂവാലൻ വർഗത്തിലുള്ള ഈ ചെമ്മീനിന് ലഭിക്കുന്നത്. ഓരോ ബോട്ടിനും 1,000 കിലോക്ക് മുകളിലാണ് കരിക്കാടി ചെമ്മീൻ ലഭിച്ചത്.
പ്രദേശത്ത് നിന്നുള്ള ബോട്ടുകാർക്ക് പുറമെ മുനമ്പം, പൊന്നാനി മേഖലയിൽനിന്നുള്ള ബോട്ടുകാരും മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്‍റർ കേന്ദ്രീകരിച്ച് മൽസ്യബന്ധനം നടത്തുന്നുണ്ട്. കടലേറ്റത്തിന്‍റെയും കോവിഡിന്‍റെയും ആഘാതത്തിൽ നിശ്ചലമായിരുന്ന മത്സ്യമേഖലയിൽ ചെമ്മീൻ കൊയ്ത്ത് ഉണർവ് പകർന്നു.