പി.പി. സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം നാടിന് സമർപ്പിച്ചു
text_fieldsചാവക്കാട്: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ നിർമാണം പൂർത്തീകരിച്ച പി.പി. സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം തുറന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
ചാവക്കാട് നഗരസഭ ഒമ്പതാം വാർഡിൽ പഴയ പഞ്ചായത്ത് ഓഫിസ് നിലനിന്നിരുന്ന സ്ഥലത്താണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചെലവഴിച്ച് 1500 ച. അടിയിൽ വാണിജ്യ സമുച്ചയ നിർമാണം പൂർത്തീകരിച്ചത്. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു നിർവഹണ ചുമതല.
ചാവക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. സെയ്ത് മുഹമ്മദിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ പേരാണ് നൽകിയത്. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് കെ.കെ. മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, അഡ്വ. എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ കെ.വി. സത്താർ, ഫൈസൽ കാനാമ്പുള്ളി എന്നിവർ പങ്കെടുത്തു. ചെയർപേഴ്സൻ ഷീജ പ്രശാന്ത് സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലീം നന്ദിയും പറഞ്ഞു.