ഉമ്മയെയും മകനെയും ആക്രമിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsചാവക്കാട്: തെക്കേ ബൈപാസിന് സമീപം ഉമ്മയെയും മകനെയും ആക്രമിച്ച കേസിൽ കാപ്പ കേസിൽ ശിക്ഷയനുഭവിച്ച പ്രതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ചാവക്കാട് നമ്പിശേരി വീട്ടിൽ ഷഹീർ (പൊള്ളോക്ക് -35), തെക്കഞ്ചേരി മാനാത്ത് പറമ്പിൽ ഷഫീക്ക് (30) എന്നിവരെയാണ് ചാവക്കാട് എസ്.ഐ വി.പി. അഷ്റഫിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി ഒരു വർഷത്തേക്ക് പൊലീസ് നാടുകടത്തിയിരുന്ന ഷഹീർ ശിക്ഷയിൽ ഇളവ് നേടി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
തെക്കേ ബൈപാസ് റോഡിൽ പഴയ ദർശന തിയറ്ററിന് സമീപം താമസിക്കുന്ന കൊങ്ങണം വീട്ടിൽ ബക്കറിന്‍റെ ഭാര്യ ഖദീജ, മകൻ ഷമീർ എന്നിവരെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും ചേർന്ന് ഷമീറിനെ മർദിക്കുന്നത് കണ്ട് തടയാൻ എത്തിയപ്പോഴാണ് ഖദീജക്ക് മർദനമേറ്റത്.
പ്രബേഷനറി എസ്.ഐ കണ്ണൻ, സി.പി.ഒമാരായ ആഷിഷ്, വിനോദ്, ജയകൃഷ്ണൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.