എടക്കഴിയൂർ ബീച്ചിൽ മത്സ്യഭവൻ കുടിവെള്ള പദ്ധതി ആരംഭിച്ചു
text_fieldsചാവക്കാട്: പുന്നയൂർ പഞ്ചായത്ത് 11, 14 വാർഡുകളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള മത്സ്യഭവൻ കുടിവെള്ള പദ്ധതി കേരള വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ 10 ലക്ഷവും പഞ്ചായത്തിന്‍റെ 19.30 ലക്ഷവും ചേർത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.വി. ഭല്ലവൻ, പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സലീന നാസർ, ജില്ല പഞ്ചായത്ത് അംഗം റഹിം വീട്ടിപറമ്പിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എ. വിശ്വനാഥൻ, ഷമീം അഷ്റഫ്, എ.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എസ്. ശിഹാബ്, ജസ്ന ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്, സുഹറ ബക്കർ, രജനി, റസീന ഉസ്മാൻ, ഷൈബ ദിനേശൻ, പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് കൊമ്മേരി എന്നിവർ സംസാരിച്ചു.
അതിനിടെ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബഹിഷ്കരിച്ചു. എടക്കഴിയൂർ മത്സ്യ ഭവനോട് ചേർന്നുള്ള പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളിലും മറ്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ അവഗണിച്ച പഞ്ചായത്ത് ഭരണസമിതി നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.