മോഷ്ടിച്ച സ്കൂട്ടറുമായി പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsഫവാദ്
ചാവക്കാട്: മോഷ്ടിച്ച സ്കൂട്ടറുമായി നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ഗുരുവായൂർ വാഴപ്പിള്ളി ഇ.എം.എസ് റോഡ് കറുപ്പംവീട്ടിൽ ഫവാദിനെയാണ് (36) എ.സി.പി കെ.ജി. സുരേഷിന്റെ നിർദേശപ്രകാരം ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തിരുവത്ര കോട്ടപ്പുറം മത്തിക്കായലിനു സമീപെത്ത ഒളിസങ്കേതത്തിൽനിന്ന് അതിസാഹസികമായാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നാൽപതോളം കേസുകളിൽ പ്രതിയായ ഫവാദിനെ കാപ്പ പ്രകാരം നാടുകടത്താൻ ഉത്തരവായതാണ്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കോടതിനടപടികളിൽ സഹകരിക്കാതെ മുങ്ങിനടന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതാണ്.
നേരേത്ത മോഷണം, പിടിച്ചുപറി, വധശ്രമം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഫവാദ്. അന്വേഷണത്തിനെത്തുന്ന പൊലീസുദ്യോഗസ്ഥരുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചും മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചും രക്ഷപ്പെട്ടു പോകുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത സമയത്ത് ഫവാദിന്റെ കൈവശമുണ്ടായിരുന്ന സ്കൂട്ടർ കോട്ടപ്പടി ഭാഗത്തുനിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. എസ്.ഐമാരായ ബിപിൻ ബി. നായർ, ഡി. വൈശാഖ്, സിവിൽ പൊലീസ് ഓഫിസർമാരായ ഹംദ്, പ്രവീൺ, സന്ദീപ്, മെൽവിൻ, വിനോദ്, വിനീത്, പ്രദീപ്, അഖിൽ അർജുൻ, രജനീഷ് എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.