ചാവക്കാട്ടെ മെഗ ഓപറേഷൻ: ആഴക്കടലില്‍ നിയമവിരുദ്ധ മത്സ്യബന്ധനം; എട്ട് വള്ളവും വലയും പിടികൂടി
text_fieldsകടലിൽ കൃത്രിമ മത്സ്യബന്ധനത്തിന് കൊണ്ടുപോകാൻ തയ്യാറാക്കുന്ന കുലച്ചിലുകൾ. ബ്ലാങ്ങാട് കടപ്പുറത്തെ കാഴ്ച (ഫയൽ ചിത്രം)
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ സർക്കാർ നിരോധനത്തിന് പുല്ലുവില കൽപ്പിച്ച് ആഴക്കടലില്‍ തെങ്ങിന് കുരഞ്ഞിലുകൾ (കുലച്ചിൽ) താഴ്ത്തി നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ എട്ട് വള്ളം പിടികൂടി. അഴിക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റും മുനക്കകടവ് തീരപൊലീസും അടങ്ങിയ സംയുക്ത സംഘം ബ്ലാങ്ങാട് ബീച്ചിലും കടലിലും നടത്തിയ ഫാഡ് (ഫിഷ് അഗ്രഗേറ്റിങ് ഡിവൈസ്) ഓപറേഷനിലാണ് നടപടി. ഇവർക്ക് 4.37 ലക്ഷം പിഴ ചുമത്തി.
കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങൾ അനധികൃത കൃത്രിമ പാരുകളാൽ നശിപ്പിക്കപ്പെടുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പരാതി നൽകിയിരുന്നു. തമിഴ്നാട് കുളച്ചൽ സ്വദേശികളുടെ ആറ് വള്ളവും തിരുവനന്തപുരം സ്വദേശികളുടെ രണ്ട് വള്ളവും അനുബന്ധ സാധന സാമഗ്രികളുമാണ് പിടിച്ചെടുത്തത്. ആഴക്കടലിൽ തെങ്ങിൻ കുരഞ്ഞിലുകളും പ്ലാസ്റ്റിക് കുപ്പികളും സിമന്റ് ചാക്കുകളിൽ നിറച്ച മണ്ണുമിട്ട് നിയമ വിരുദ്ധ മത്സ്യ ബന്ധനത്തിനെതിരെ ഇത്രയും ശക്തമായ നടപടി മേഖലയിൽ ആദ്യമായാണ്. സീസണായാൽ ബ്ലാങ്ങാട് ബീച്ച് കേന്ദീകരിച്ച് 200 ഓളം ഫൈബർ വഞ്ചിക്കാരാണ് ആഴക്കടലിൽ മീൻ പിടിക്കാൻ പോകുന്നത്.
കന്യാകുമാരി ഉൾപ്പടെയുള്ള തെക്കൻ ജില്ലക്കാരാണ് രാജ്യാന്തര മത്സ്യ വിപണിയില്‍ വന്‍വിലയുള്ള കൂന്തല്‍, കണവ മത്സ്യങ്ങളെ പിടിക്കാൻ തെങ്ങിന് കുരഞ്ഞില് വ്യാപകമായി ഉപയോഗിക്കുന്നത്. കണവ മത്സ്യങ്ങളെ ആകര്‍ഷിക്കാനാണ് ആഴക്കടലില്‍ കൃത്രിമ ആവാസകേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നത്.
ഓരോ തവണ കണവപിടിത്തത്തിന് പോകുമ്പോഴും കുരഞ്ഞിലുകള്‍ കൂടാതെ 50 മുതല്‍ 100 വരെ മണല്‍ നിറച്ച ചാക്കുകളും കടലിലേക്ക് കൊണ്ടുപോകുന്നുണ്ട്.
പ്രദേശത്തെ ചില ആളുകളുടെ ഒത്താശയയിലാണ് കുലച്ചിലുകൾ വാഹനങ്ങളിൽ എത്തുന്നത്. കടലിലെ അടിഭാഗത്തെ പാറക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് കണവ പോലുള്ള സാധാരണ മത്സ്യങ്ങള്‍ മുട്ടയിടുന്നതും അത് വിരിയുന്നതിന് കൂട്ടമായി കാവലിരിക്കുന്നതും. അടിത്തട്ടിൽ പാറക്കൂട്ടങ്ങള്‍ എവിടെയാണെന്നു ശരിയായി മനസിലാക്കി അതിന്റെ തൊട്ടടുത്തായാണ് കൃതിമ സങ്കേതം നിര്‍മ്മിക്കുന്നത്. ഇത്തരം സങ്കേതം നിർമിച്ച് ദിവസങ്ങൾക്കു ശേഷമാണ് മത്സ്യം പിടിക്കാനെത്തുന്നത്. ജി.പി.എസ് വഴി കുലച്ചില്‍ ഇട്ട സ്ഥലത്തെത്തിയാണ് അവയെ ചൂണ്ടയിട്ട് പിടിക്കുക. മുട്ടയിടുന്ന സമയത്തു മത്സ്യങ്ങളെ പിടിച്ചാല്‍ ഇവയ്ക്കു വംശനാശം സംഭവിക്കും.
ബ്ലാങ്ങാട് ബീച്ചിൽ പതിവ് കാഴ്ചയാണ് കുലച്ചിൽ കൂട്ടങ്ങളും അവ കെട്ടി തയ്യാറാക്കുന്ന തൊഴിലാളികളും. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികാരികൾ. പ്ലാസ്റ്റിക് കുപ്പികളും കന്നാസുകളും, ചാക്കുകളും , കുരഞ്ഞിലുകളും വലിയ തോതിൽ എത്തിച്ച് കൊടുക്കാൻ ബ്ലാങ്ങാട് കേന്ദ്രീകരിച്ച് നിരവധി എജഴന്റുമാരും പ്രവർത്തിക്കുന്നുണ്ട്.
അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ എം.എഫ്. പോളിന്റെയും മുനക്കക്കടവ് തീര പൊലീസ് സ്റ്റേഷനിലെ എസ്.ഐ ലോഫി രാജിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് മത്സ്യബന്ധന യാനങ്ങളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്. എഫ്.ഇ.ഒ മാരായ അശ്വിൻ രാജ്, സുമിത, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിഭാഗം ഓഫീസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, മുനക്കടവ് തീർ പൊലീസ് എസ്.ഐ. സുമേഷ് ലാൽ, സി.വി.ഒമാരായ അനുപ് , നിധിൻ, റെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, വിപിൻ, ഡ്രൈവർ അഷറഫ്, ബോട്ട് സ്രാങ്ക് അഖിൻ, ബോട്ട് ക്രൂ സുജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ച ഒന്നരക്ക് തുടങ്ങിയ ഓപറേഷൻ രാവിലെ ഏഴോടെയാണ്ട് പൂർത്തിയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.