ഒറ്റയിനിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട അഞ്ചുവാഹനങ്ങൾ അജ്ഞാതർ അഗ്നിക്കിരയാക്കി
text_fieldsഅകലാട് ഒറ്റയിനിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അഗ്നിക്കിരയായപ്പോൾ
ചാവക്കാട്: അകലാട് ഒറ്റയിനിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട അഞ്ചു വാഹനങ്ങൾ അജ്ഞാതർ അഗ്നിക്കിരയാക്കി. ഒറ്റയിനി കാട്ടിലെപ്പള്ളി മഹ്ളറ ലിങ്ക് റോഡിൽ കോട്ടപറമ്പിൽ സുലൈമാന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് കാറുകളും മൂന്ന് ബൈക്കുകളുമാണ് കത്തിനശിച്ചത്.
മുറ്റത്ത് പല സ്ഥലത്തായി നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ കാറുകൾക്കിടയിൽവെച്ചാണ് കത്തിച്ചിട്ടുള്ളത്. പോർച്ചിൽ മറ്റൊരു കാർ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തീ അണച്ചത് മൂലം ഈ വാഹനത്തിലേക്ക് പടർന്നില്ല.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. സുലൈമാന്റെ മരുമകൻ കുളങ്ങര വീട്ടിൽ ജമാലും കുടുംബവും ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. സംഭവ സമയം വീട്ടിനകത്ത് സുലൈമാനും ഭാര്യയും മരുമകൻ ജമാലും ഭാര്യയും മൂന്ന് മക്കളും മാത്രമാണുണ്ടായിരുന്നത്.
തീ കത്തുമ്പോൾ മഹീന്ദ്ര കാറിലെ ഫയർ അലാറം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീട്ടുകാർ പുറത്തിറങ്ങിയതോടെ മൊത്തം തീ ആളിപ്പടരുന്നതാണ് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളുടെ സഹായത്തോടെ ചേർന്ന് വെള്ളമൊഴിച്ച് അണക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.