ഫാഷൻ ഗോൾഡ് തട്ടിപ്പ്: തൃശൂരിലെ രണ്ട് പ്രവാസികൾക്ക് നഷ്ടമായത് 80 ലക്ഷം രൂപ
text_fieldsചാവക്കാട്: എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തിൽ 80 ലക്ഷം രൂപ നൽകി തൃശൂർ ജില്ലക്കാരായ രണ്ട് പ്രവാസികളും തട്ടിപ്പിനിരയായി. പുന്നയൂർക്കുളം പുഴിക്കള വള്ളിയിലകായിൽ ഉസ്മാൻ (67), സഹോദരൻ കുഞ്ഞിമുഹമ്മദ് (72) എന്നിവർക്കാണ് തുക നഷ്ടമായത്. ഉസ്മാൻ ഖത്തറിൽ ഇലക്ട്രോണിക്സ് ഷോപ്പ് ഉടമയും കുഞ്ഞിമുഹമ്മദ് അവിടെ കമ്പനി തൊഴിലാളിയുമാണ്. ഉസ്മാെൻറ പരിചയക്കാരനും ഖത്തറിൽ വസ്ത്രവ്യാപാരിയുമായ കണ്ണൂർ സ്വദേശി ജ്വല്ലറി ഗ്രൂപ്പിൽ ഡയറക്ടറാണ്. ഇയാൾ വഴിയാണ് ജ്വല്ലറി ഗ്രൂപ് ചെയർമാൻ എം.സി. ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്ക് 40 ലക്ഷം വീതം നൽകിയത്. 2009ൽ ഖമറുദ്ദീനും ടി.കെ. പൂക്കോയ തങ്ങളും പങ്കെടുത്ത ഒരുയോഗത്തിലേക്ക് ഉസ്മാനെയും സഹോദരനെയും ക്ഷണിക്കുകയായിരുന്നു. അന്ന് ഒരാൾക്ക് 10 ലക്ഷം മതിയെന്നായിരുന്നു. ഓഹരിയായി 75,000 രൂപ പണമായും 9.25 ലക്ഷം രൂപ സ്വർണനിക്ഷേപത്തിലേക്കുമാണ് നൽകിയത്. ഇരുവരും രാഷ്ട്രീയപാർട്ടി പ്രവർത്തകരോ അനുഭാവികളോ ഒന്നുമല്ല. എന്നാൽ, മുസ്ലിം ലീഗ് നേതാക്കളാണ് നേതൃത്വത്തിലെന്നതിനാൽ സംശയിച്ചില്ല. ബാങ്കിലിട്ട് പലിശ വാങ്ങുന്നതൊഴിവാക്കാൻ കൂടിയായിരുന്നു നിക്ഷേപം.
ആദ്യം ചെറിയ തുക ലാഭവിഹിതമായി നൽകിയിരുന്നു. പിന്നിട് 2013ൽ ജ്വല്ലറി തലശ്ശേരിയിൽനിന്ന് പയ്യന്നൂരിലേക്ക് മാറ്റുകയാണെന്നറിയിച്ചാണ് 30 ലക്ഷം വീതം വാങ്ങിയത്. ആദ്യമാദ്യം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നെ ഫോൺ എടുക്കാതെയായി. ജ്വല്ലറി പൂട്ടിയിട്ടും ഉടമകൾ പിന്നെയും നിക്ഷേപം തേടിയിരുന്നറിഞ്ഞതോടെ പരാതി നൽകാൻ പോയപ്പോൾ ആക്ഷൻ കമ്മിറ്റിയെന്ന പേരിൽ ചിലർ ഖമറുദ്ദീനെയും പൂക്കോയ തങ്ങളേയും നേരിട്ട് സമീപിക്കുന്നതിൽനിന്ന് തടഞ്ഞു. ഇതോടെ നിക്ഷേപകർ മറ്റൊരു ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. കുന്നംകുളം എ.സി.പിക്ക് നൽകിയ പരാതിയിൽ വടക്കേക്കാട് പൊലീസ് ഉസ്മാെൻറ മൊഴിയെടുത്ത് ജ്വല്ലറി ഉടമകൾക്കെതിരെ കേസെടുത്തു. കോവിഡ് കാലമായതിനാൽ ഇദ്ദേഹം നാട്ടിലുണ്ട്. എം.സി. ഖമറുദ്ദീെൻറ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. 800ഓളം നിക്ഷേപകരിൽനിന്നായി 132 കോടിയുടെ തട്ടിപ്പാണ് നടന്നത്.