ചാവക്കാട്: ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ പത്രിക നൽകിയ കോൺഗ്രസിലെ സ്ഥാനാർഥിയെ നോക്കുകുത്തിയാക്കി ഡമ്മി സ്ഥാനാർഥിക്ക് ഔദ്യോഗിക ചിഹ്നം. നേതാക്കളുടെ ധാർഷ്ട്യത്തിനെതിരെ കോൺഗ്രസ് പ്രാദേശിക നേതാവ് അഷ്ക്കർ അറക്കലിെൻറ ഭാര്യ ജൗഹറത്ത് പുന്നയൂർക്കുളത്ത് മത്സരിക്കും. തൊട്ടടുത്ത പറയങ്ങാട് ബ്ലോക്ക് ഡിവിഷനിൽ അഷ്ക്കറും മത്സരിക്കുന്നത് കോൺഗ്രസിനകത്ത് അസ്വസ്ഥത പടർത്തുന്നു.
പുന്നയൂർക്കുളത്ത് മത്സരിക്കാൻ പ്രതിക നൽകിയ ജൗഹറത്ത് അഷ്ക്കറിനെ തഴഞ്ഞാണ് അവർക്ക് പിന്തുണക്കായി ഡമ്മിെയ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ സി.പി.എമ്മിലെ ജസീറ നസീർ വിജയിച്ച ഈ ഡിവിഷനിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമ ലീനസാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
ബ്ലോക്കിലേക്ക് മത്സരിക്കാൻ പാർട്ടി നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി പ്രതിക സമർപ്പിച്ച ജൗഹറത്തിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് തൊട്ടടുത്ത കോൺഗ്രസ് സിറ്റിങ് സീറ്റായ പറയങ്ങാട് ഡിവിഷനിൽ അഷ്ക്കറും മത്സരിക്കാൻ ഉറച്ചത് പാർട്ടി നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. പുന്നയൂർക്കുളം മണ്ഡലത്തിലെ കോൺഗ്രസ് (ഐ) വിഭാഗത്തിലെ സജീവ പ്രവർത്തകനും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാനുമാണ് അഷ്ക്കർ അറക്കൽ. ഇദ്ദേഹത്തെ അനുനയിപ്പിച്ച് രണ്ട് സീറ്റിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വം.