വിദ്യാർഥിയുടെ കാൽ തളർന്ന സംഭവം: പുനരന്വേഷണം വേണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsചാവക്കാട് വിദ്യാർഥിയുടെ കാൽ തളർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കെ.വി. സത്താർ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകുന്നു
ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വിദ്യാർഥിയുടെ കാൽ തളർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. നഗരസഭ 11-ാം വാർഡിലെ മുഹമ്മദ് ഗസാലിക്കാണ് ദാരുണമായ അനുഭവം ഉണ്ടായത്. 2023 ഡിസംബറിലായിരുന്നു സംഭവം.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ മെയിൽ നഴ്സിന്റെ ഗുരുതര വീഴ്ച കാരണമാണ് കുട്ടിയുടെ ഇടത് കാൽ തളർന്നതെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ കുട്ടിയുടെ തുടയിൽ അമർഷത്തോടും അശ്രദ്ധയോടും കൂടെ ഇൻജക്ഷൻ ചെയ്യുകയും ഉടൻ കുട്ടിയുടെ കാലിന് ബലക്ഷയം സംഭവിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ നടപടിയെടുക്കുകയും മെയിൽ നഴ്‌സിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
സംഭവത്തിന് ഉത്തരവാദികളായ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഇരയായ കുട്ടിക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും. കഴിഞ്ഞ ദിവസം ഗുരുവായൂരിലെത്തിയ ആരോഗ്യ മന്ത്രി കെ. മുരളീധരന് കുട്ടിയും മാതാവും നിവേദനം നൽകിയിരുന്നു. മൂന്നു വർഷമായിട്ടും കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ ഇടാൻ പോലും പൊലീസ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

