ചാവക്കാട് നഗരസഭയിൽ അഴിമതിയെന്ന്;യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി
text_fieldsഅഴിമതിയാരോപിച്ച് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ
യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ഹാളിന് പുറത്ത് പ്രതിഷേധിക്കുന്നു
ചാവക്കാട്: അഴിമതി ആരോപിച്ച് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. ജൂലൈ 10ന് നടന്ന കൗൺസിൽ യോഗത്തിൽ പത്താം നമ്പർ അജണ്ടയായി ഉൾപ്പെടുത്തിയിരുന്ന മിനി വാഗമൺ ശുചീകരണ പ്രവർത്തനങ്ങൾക്ക് മൂന്നര ലക്ഷം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനെ തുടർന്ന്, വിഷയം പരിശോധിച്ച ശേഷം തീരുമാനിക്കാമെന്ന് ചെയർമാൻ അറിയിച്ചിരുന്നു. ഈ വിഷയം അടുത്ത കൗൺസിൽ യോഗത്തിലെ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 12 യു.ഡി.എഫ് കൗൺസിലർമാർ ഒപ്പുവെച്ച് കത്ത് നൽകിയിരുന്നെങ്കിലും സപ്ലിമെന്ററി അജണ്ടയിൽ പോലും ഉൾപ്പെടുത്തിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ 19-ാം നമ്പർ വിഷയമായി പുളിച്ചിറക്കെട്ട് നവീകരണത്തിന് 50 ലക്ഷം അനുവദിക്കുന്ന പ്രമേയം പരിഗണിച്ചപ്പോൾ പ്രതിപക്ഷം വീണ്ടും വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ പിന്നീട് ചർച്ച ചെയ്യാമെന്ന സ്ഥിരം നയമാണ് ചെയർമാൻ സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പുളിച്ചിറക്കെട്ടുമായി ബന്ധപ്പെട്ട് ചളി വാരലും മറ്റ് നവീകരണ പ്രവർത്തനങ്ങളും നടന്നതായി രേഖകളിൽ പറയുന്നുണ്ടെങ്കിലും സ്ഥലത്ത് 15 ലക്ഷം രൂപയുടെ പ്രവൃത്തി പോലും നടന്നിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി യഥാർഥ സ്ഥിതിവിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നാരോപിച്ച് കൗൺസിലർമാരായ സി.എ. ഗോപ പ്രതാപൻ, ആരിഫ് പാലയൂർ, ജോയ്സി ടീച്ചർ, ആസിഫ് പാലയൂർ, സുജാത സത്യൻ, ടി.എം. ഷാജി, സീന നൗഷാദ്, ഫെബീന നൗഷാദ്, ശർമിള സത്താർ, സനൂപ്, ബ്രിജിത പ്രതീപ്, തനുജ ഷാഫി എന്നിവർ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന് ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.
ശുചീകരണ പ്രവർത്തനങ്ങളിൽ അഴിമതി ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അജണ്ടക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് ചെയർമാൻ പറഞ്ഞിരുന്നു.
എന്നാൽ, കൗൺസിലർ സി.എ. ഗോപപ്രതാപൻ അജണ്ടക്ക് മുമ്പ് തന്നെ ബഹളമുണ്ടാക്കി എഴുതി നൽകിയ വിഷയം ചർച്ച ചെയ്യാതെ നഗരസഭയിൽനിന്ന് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നും യാതൊരുവിധ അഴിമതിയും നടത്താൻ അനുവദിക്കില്ലെന്നും ചെയർമാൻ എ.എച്ച്. അക്ബർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

