ബോട്ടിൽ കുഴഞ്ഞു വീണ തൊഴിലാളിക്ക് രക്ഷയായി തീര പൊലീസ് ടീം
text_fieldsബോട്ടിൽ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ തൊഴിലാളി രമേഷുമായി മുനക്കടവ് തീര പൊലീസ് കരയിലേക്ക് വരുന്നു
ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ കുഴഞ്ഞ് വീണ് അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷയായി തീര പൊലീസ് ടീം. കൊല്ലം ജില്ലയിലെ കുരീപ്പുഴ സ്വദേശി കല്ലുവിള കിഴക്കേതിൽ രമേഷിനാണ് (68) മുനക്കക്കടവ് തീര പൊലീസിലെ ബോട്ട് പട്രോളിങ് ടീം രക്ഷയായത്. മുനക്കക്കടവ് അഴിമുഖത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെയായിരുന്നു രമേഷ് മത്സ്യം പിടിക്കാൻ പോയ 'രിസിൽ' എന്ന ലത്തീഫ് മുനക്കക്കടവിലിന്റെ ബോട്ട്.
ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ഈ സമയം കടലിൽ പട്രോളിങ്ങിലായിരുന്ന എസ്.എച്ച്.ഒ പി.എ. ഫൈസൽ, ജി.എ.എസ്.ഐ ഐ.ബി. സജീവ്, ജി.എസ്.സി.പി.ഒ സാജൻ, കോസ്റ്റൽ വാർഡൻ ബിന്ധ്യ, ബോട്ട് സ്രാങ്ക് വിനോദ്, സുജിത്ത് എന്നിവരുടെ സംഘം. കടലിൽ തൊഴിലാളി അപകടത്തിൽപെട്ട വിവരം ലഭിച്ചയുടനെ ഇവർ ആ ബോട്ട് ലക്ഷ്യമാക്കി കുതിച്ചു. രമേഷ് അബോധാവസ്ഥയിൽ ബോട്ടിൽ കിടക്കുകയായിരുന്നു.
പട്രോളിങ് ബോട്ടിലേക്ക് മാറ്റിയ രമേഷുമായി ചേറ്റുവ ഹാർബറിലെത്തിച്ച പൊലീസ് ടീം ഈ സമയം വിളിച്ചു വരുത്തിയ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ എം.ഐ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം രമേഷ് അപകടാവസ്ഥയിൽ നിന്ന് രക്ഷ നേടിയെന്നറിഞ്ഞതോടെയാണ് പൊലീസ് ടീം ആശുപത്രി വിട്ടത്.