യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
text_fieldsചാവക്കാട്: പാലുവായിൽ കരുമാഞ്ചേരി വീട്ടിൽ അജിത്ത് കുമാറിെൻറ മകൻ അർജുൻ രാജിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. പാവറട്ടി മരുതയൂർ സ്വദേശി കൊച്ചാത്തിൽ വീട്ടിൽ വൈശാഖ് രഘു (വൈശു -23), പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ ജിതിൻ ശിവകുമാർ (അപ്പു -24), മരുതയൂർ സ്വദേശി മത്രംകോട്ട് വീട്ടിൽ ജിഷ്ണുബാൽ ബാലകൃഷ്ണൻ (ജിഷ്ണു -25) എന്നിവരുമായാണ് എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ചാവക്കാട് പൊലീസ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിൽ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതും വീട്ടിൽ ആക്രമണം നടത്തിയതും പ്രതികൾ പൊലീസിനോട് വിവരിച്ചു.
ഇക്കഴിഞ്ഞ 12ന് രാവിലെ ആറോടെയാണ് സംഘം അർജുൻ രാജിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. അർജുെൻറ കച്ചവട പങ്കാളിയും പ്രതികളിലൊരാളായ ജിഷ്ണുബാലിെൻറ ജ്യേഷ്ഠൻ ജിത്തുബാലും തമ്മിൽ രണ്ടുവർഷമായി തുടരുന്ന ബിസിനസ് തർക്കങ്ങളുടെയും സാമ്പത്തിക തർക്കങ്ങളുടെയും തുടർച്ചയാണ് തട്ടിക്കൊണ്ടുപോകലിലെത്തിയത്. വീട്ടിൽനിന്ന് വിളിച്ചിറക്കി അർജുനെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവം സംബന്ധിച്ച വിവരം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഘം അർജുൻ രാജിനെ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഇറക്കിവിട്ടു.
ഇവിടെനിന്ന് യുവാവ് ഓട്ടോറിക്ഷയിൽ തിരിച്ച് വീട്ടിലെത്തുകയായിരുന്നു. പിന്നീട് പലയിടങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്ന പ്രതികളെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് പിടികൂടിയത്. റിമാൻഡിലായ പ്രതികളെ വ്യാഴാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.