ദേശീയപാത വികസനത്തിന് ഒഴിഞ്ഞ വീട്ടിൽ മോഷണ ശ്രമം; കള്ളനെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു
text_fieldsചാവക്കാട്: ഒരുമനയൂർ പാലംകടവിൽ ദേശീയ പാത വികസനത്തിനായി താമസമൊഴിഞ്ഞ് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന തമിഴ്നാട് സ്വദേശി പിടിയിൽ. നെയ് വേലി സ്വദേശി വീരമണിയെയാണ് (37) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് പാലാംകടവ് മുസ്ലിം പള്ളിക്ക് മുന്നിലുള്ള ഇസ്കന്തറിന്റെ വീട്ടിൽ മോഷണ ശ്രമം നടന്നത്.
വീട് ഒഴിഞ്ഞെങ്കിലും സാധനങ്ങൾ മാറ്റിയിരുന്നില്ല. അകത്തുനിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് പരിസരവാസികൾ ചെന്നുനോക്കിയപ്പോഴാണ് വാതിൽ പൊളിച്ചത് ശ്രദ്ധയിൽ പെട്ടത്. ആളുകളെ കണ്ട് മോഷ്ടാവ് ചാടിയോടിയെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത വീരമണിയെ കോടതി റിമാൻഡ് ചെയ്തു.

